പ്രകൃതി സംരക്ഷണ ദിനത്തിൽ അവനവഞ്ചേരി സ്കൂളിൽ ‘ചങ്ങാതിക്കൊരു തൈ’ പദ്ധതി സംഘടിപ്പിച്ചു.
ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ
സംസ്ഥാനത്ത് ഒരുകോടി ഫലവൃക്ഷതൈകൾ വച്ചു പിടിപ്പിക്കുന്ന ‘ഒരു തൈ നടാം’ ക്യാമ്പയിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ വീട്ടിൽ നിന്ന് തയ്യാറാക്കി കൊണ്ട് വന്ന 500 വൃക്ഷതൈകളാണ് ചങ്ങാതിമാർക്ക് കൈമാറിയത്. പരിസ്ഥിതി പുനസ്ഥാപനം, നെറ്റ് സീറോ കാർബൺ കേരളം എന്നീ ലക്ഷ്യങ്ങൾക്കൊപ്പം കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുന്നതിനുമാണ് ചങ്ങാതിക്കൊരു തൈ എന്ന പരിപാടി ലക്ഷ്യമിടുന്നത്. ചങ്ങാതിയുടെ പേരിൽ ഒരു തൈ നട്ട് പരിപാലിക്കുന്നതിലൂടെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവബന്ധവും, മനുഷ്യരുടെ സൗഹൃദവും വൻവൃക്ഷത്തോളം വളരട്ടെയെന്ന സന്ദേശവും കുട്ടികളിലേക്കെത്താൻ ഈ പദ്ധതിക്ക് കഴിയും. ശ്രദ്ധേയമായ നിരവധി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സ്‌കൂളാണ് അവനവഞ്ചേരി ഗവ. ഹൈസ്‌കൂൾ. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൻ അഡ്വ. എസ്.കുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ എസ്. ഷാജികുമാർ, ഹരിത കേരള മിഷൻ പ്രതിനിധി സിന്ധു സുനിൽ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എൻ. സാബു, സ്റ്റാഫ് സെക്രട്ടറി ആർ.എസ്. ലിജിൻ എന്നിവർ സംബന്ധിച്ചു.