ആറ്റിങ്ങൽ : ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച് ചികിത്സാ ഉപകരണങ്ങൾ നശിപ്പിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിൽ.വെയിലൂർ ശാസ്തവട്ടം അയ്യൻ ക്ഷേത്രത്തിന് സമീപം ആലുവിള വീട്ടിൽ കരീം ഭായ് എന്ന് വിളിക്കുന്ന വിഷ്ണു (29), കീഴ് തോന്നയ്ക്കൽ മഞ്ഞമല താഴം പള്ളി അനീഷ് ഭവനിൽ അനീഷ്( 30), ചെമ്പകമംഗലം അരുൺ നിവാസിൽ അരുൺ( 30) എന്നിവരാണ് അറസ്റ്റിലായത്.
ജൂലൈ 29-ാം തീയതി രാത്രി 10 മണിയോടെ പരിക്ക് മൂലം ചികിത്സക്കായി ആശുപത്രിയിൽ എത്തിയ പ്രതികൾ ചീത്ത വിളിച്ചതും അക്രമാസക്തരായതും കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ. അഖിലേഷ് പറഞ്ഞു വിലക്കിയതിൽ വച്ചുള്ള വിരോധം നിമിത്തം പ്രതികൾ അക്രമാസക്തരായി ഡോക്ടറെ മർദ്ദിക്കുകയും ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
ആശുപത്രിയിലെ ഡ്രസ്സിംഗ് റൂമിൽ വെച്ച് ഡോ. അഖിലേഷിനെ ദേഹോപദ്രവം ചെയ്‌ത പ്രതികൾ, പൊലീസിൽ വിവരം അറിയിച്ചതിൽ പ്രകോപിതരായി അത്യാഹിത വിഭാഗത്തിലെ ചികിത്സാ ഉപകരണങ്ങൾ അടിച്ചു നശിപ്പിക്കുകയും സർവജനോപയോഗ സൗകര്യങ്ങളായ പൊതു സമ്പത്ത് തകർക്കുകയും ചെയ്തു. ഏകദേശ 2 ലക്ഷം രൂപയുടെ നഷ്ടമാണ് ആശുപത്രിക്കുണ്ടായത്.
പ്രതികൾക്കെതിരെ ഡോക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയത്, പൊതുമുതൽ നശിപ്പിച്ചത്, പോലീസിന് തടസ്സം സൃഷ്ടിച്ചതുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
സംഭവ വിവരം അറിഞ്ഞതോടെ ആറ്റിങ്ങൽ എസ്.എച്ച്.ഒ അജയൻ ജെയുടെ നേതൃത്വത്തിൽ എസ്.ഐമാരായ ജിഷ്ണു, ബിജു ഹക്ക്, എ.എസ്.ഐമാരായ ശ്യാം ലാൽ, ജിഹാനിൽ ഹക്കിം, എസ്‌സിപിഒ മഹേഷ്, സിപിഒ അഖിൽ, പ്രശാന്തകുമാരൻ നായർ, സയ്യദ് അലി ഖാൻ, വിഷ്ണുലാൽ എന്നിവർ അടങ്ങുന്ന പൊലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു.
ഡോക്ടറെ ആക്രമിച്ച് ഭീതി സൃഷ്ടിച്ച വിഷ്ണുവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ച അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജിഹാനിൽ ഹക്കിമിനെയും വിഷ്ണു ആക്രമിച്ചു.
പ്രതികൾക്ക് നേരെ മംഗലപുരം, പോത്തൻകോട് സ്റ്റേഷനുകളുടെ പരിധിയിൽ ലഹരിവസ്തുക്കൾ കടത്തിയതും മറ്റ് ക്രിമിനൽ കേസുകളും നേരത്തെ തന്നെ നിലനിൽക്കുന്നുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തതായും പോലീസ് അറിയിച്ചു.
പ്രതികൾ ആശുപത്രിയിൽ എത്താൻ ഇടയായ പശ്ചാത്തല സാഹചര്യങ്ങൾ പോലീസ് വിശദമായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.