ചിറയിൻകീഴ്: ചിറയിൻകീഴിൽ ഗ്രഹനാഥനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം വീടിനുള്ളിൽ കയറി മാതാവിനെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി കഴുത്തിലുണ്ടായിരുന്ന സ്വർണ മാല കവർന്നു. ഇന്ന് പുലർച്ചെ ഏകദേശം 2.30 മണിയോടെയായിരുന്നു സംഭവം.
ഡീസന്റ് മുക്കിന് സമീപം അഷ്റഫ് മൻസിലിൽ താമസിക്കുന്ന ഷാജിയാണ് ആക്രമിക്കപ്പെട്ടത്. ഹാർബറിൽ നിന്ന് മത്സ്യം വാങ്ങി വിൽപ്പന നടത്തുന്ന ഷാജി, പതിവുപോലെ പുലർച്ചെ മത്സ്യം എടുക്കാൻ പുറത്തിറങ്ങിയപ്പോഴാണ് അക്രമം നേരിടേണ്ടിവന്നത്. മൂന്നു പേർ ചേർന്ന സംഘമാണ് ഷാജിയെ വെട്ടി പരിക്കേൽപ്പിച്ചത്.
അതിനുശേഷം വീടിനുള്ളിൽ കയറി ഷാജിയുടെ അമ്മയെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുകയും, കഴുത്തിൽ ധരിച്ചിരുന്ന സ്വർണമാല കവർന്നും ഒളിച്ചോടുകയുമായിരുന്നു. കൃത്യത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാജിയെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
സംഭവത്തെതുടർന്ന് ചിറയിൻകീഴ് പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രതികൾക്ക് വേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.