നഗരൂർ: വെള്ളല്ലൂരിൽ റാപ്പർ വേടന്റെ പരിപാടി റദ്ദാക്കിയതിനെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുതെങ്ങ് സ്വദേശി മഹേഷ് (25)നെയാണ് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നഗരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
2025 മെയ് 8-നാണ് വെള്ളല്ലൂരിൽ വേടന്റെ സംഗീത പരിപാടിക്ക് ഒരുക്കങ്ങൾ നടന്നിരുന്നത്. പരിപാടിക്കായി എൽ.ഇ.ഡി വാൾ സ്ഥാപിക്കുന്നതിനിടയിൽ ഒരു ഇലക്ട്രീഷ്യൻ വൈദ്യുതാഘാതം കൊണ്ട് മരിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് വേടൻ പരിപാടി അവതരിപ്പിക്കാതിരിക്കാൻ തീരുമാനിക്കുകയും, സംഘാടകർ പരിപാടി റദ്ദാക്കിയെന്ന് മൈക്കിലൂടെ പ്രഖ്യാപിക്കുകയായിരുന്നു.
പരിപാടിയ്ക്ക് എത്തിയ ആരാധകർ സംഘർഷം സൃഷ്ടിക്കുകയും, സംഘാടകരെ അസഭ്യമായി വിളിക്കുകയും, സ്റ്റേജിന് ചുറ്റുമുണ്ടായിരുന്ന വസ്തുക്കളും ഇലക്ട്രോണിക് ഉപകരണങ്ങളും തകർക്കുകയും ചെയ്തു. വയലിലാണ് പരിപാടിക്ക് വേണ്ടി സ്റ്റേജ് ഒരുക്കിയിരുന്നത്. സംഘർഷം നിയന്ത്രിക്കാൻ എത്തിയ പൊലീസിനെയും മറ്റ് കാണികളെയും ചെളിവാരി എറിയുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് കണ്ടാൽ അറിയാവുന്നവരെ പ്രതികളാക്കി നഗരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ പ്രധാന പ്രതിയായി പോലീസ് തിരിച്ചറിഞ്ഞത് മഹേഷിനെയാണ്. കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞ ശേഷം ഇയാൾ ഒളിവിൽ പോയിരുന്നതായി പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മറ്റു പ്രതികളിൽ ചിലരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
.