ആറ്റിങ്ങൽ: ആറ്റിങ്ങൽ കൈപ്പറ്റിമുക്കിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കടയ്ക്കാവൂർ നിലയ്ക്കാമുക്ക് മണ്ണാത്തിമൂല സ്വദേശി ദീപു മോഹനൻ (45) ആണ് അപകടത്തിൽ ദാരുണമായി മരിച്ചത്.
ഇന്ന് രാത്രി എട്ടു മണിയോടെയാണ് സംഭവം നടന്നത്. സവാരിക്ക് പോയി തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ദീപുവിന്റെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞത്. അപകട സമയത്ത് വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളു.
ഓട്ടോറിക്ഷയിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ദീപുവിനെ നാട്ടുകാർ ഉടൻ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.