വെഞ്ഞാറമൂട്: ഐഎസ്ആർഒയിൽ ജോലി വാഗ്ദാനം ചെയ്ത് വിവിധ സംസ്ഥാനങ്ങളിൽനിന്നും പണം തട്ടിയെടുത്ത കേസിൽ യുവതിയും ഭർത്താവും അടക്കം 5 പേർ അറസ്റ്റിലായി. പോത്തൻകോട് പൂലന്തറ വീട്ടിൽ റംസി(35), റംസിയുടെ ഭർത്താവ് ഓച്ചിറ മേമന അജ്‌മൽ മൻസിലിൽ അജ്‌മൽ(29), തിരുനെൽവേലി സീലാത്തിക്കുളം ഭജനമഠം തെരുവിൽ മുരുകേശൻ(59), ആറ്റിങ്ങൽ കാട്ടുമ്പുറം കടുവയിൽ രോഹിണി നിവാസിൽ വിഷ്ണുരാജ്(33), ആറ്റിങ്ങൽ അവനവഞ്ചേരി വിളയിൽ വീട്ടിൽ സുരേഷ്ബാബു(50) എന്നിവരെയാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികൾ കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നായി 36 പേരെ കബളിപ്പിച്ചു 4 കോടി രൂപയുടെ തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ലാപ് ടോപ്, നിരവധി സിം കാർഡുകൾ, മൊബൈൽ ഫോണുകൾ, വിഎസ്‌എസ്‌സിയുടെയും ഐഎസ്ആർഒയുടെയും സീൽ പതിച്ച വ്യാജ നിയമന ഉത്തരവുകൾ എന്നിവ പ്രതികളിൽ നിന്നും പിടിച്ചെടുത്തു. റംസിയുടെ അക്കൗണ്ടിലേക്ക് 1.5 കോടി രൂപ നിക്ഷേപിച്ചതിന്റെ രേഖകളും കണ്ടെത്തി.
മുരുകേശൻ ഐഎസ്ആർഒയിൽ ജോലി വാഗ്ദാനം ചെയ്ത് തമിഴ്‌നാട് സ്വദേശികളായ 27 പേരിൽ നിന്നും 2.25 കോടി രൂപയോളം വാങ്ങി റംസിക്കു നൽകിയിട്ടുണ്ട്. പ്രതികളിൽ നിന്നും വിഎസ്‌എസ്‌സിയിലേക്കുള്ള വ്യാജ നിയമന ഉത്തരവുകളും തുമ്പ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുടെയും ഐഎസ്ആർഒയുടെയും വ്യാജ സീലുകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. വിഷ്ണു രാജ്, സുരേഷ് ബാബു എന്നിവർ വഴിയാണ് വ്യാജ സീലുകളും നിയമന ഉത്തരവുകളും റംസി തരപ്പെടുത്തുന്നത്. സുരേഷ് ബാബുവിനു ആറ്റിങ്ങലിൽ സ്വന്തമായി സീൽ നിർമാണ യൂണിറ്റ് ഉണ്ട്. സുരേഷ് ബാബുവും വിഷ്ണു രാജും ചേർന്നാണ് വിഎസ്‌എസ്‌സിയുടെ വ്യാജ തിരിച്ചറിയൽ കാർഡുകളും സീലുകളും നിർമിച്ചു നൽകിയതെന്നും പൊലീസ് പറയുന്നു.
വെഞ്ഞാറമൂട് സ്വദേശിനികളായ 2 യുവതികൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. 2024 മാർച്ചിലാണ് സംഭവം. തുമ്പ വിഎസ്‌എസ്‌സിയിലെ മെക്കാനിക്കൽ എൻജിനീയർ ആണെന്നും അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആയി ജോലി നൽകാമെന്നും 9 ലക്ഷം രൂപ വേണം എന്നും ആവശ്യപ്പെട്ടു. പല തവണകളായി 8 ലക്ഷം രൂപ റംസിയുടെ അക്കൗണ്ടിലേക്ക് അയപ്പിച്ചു. ഫെബ്രുവരിയിൽ റംസിയും അജ്‌മലും പരാതിക്കാരിയുടെ വീട്ടിലെത്തി നിയമന ഉത്തരവ് നൽകി. ഉടനെ തുറന്നു നോക്കരുതെന്നും നിർദേശിച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും വിവരങ്ങളില്ലാത്തതിനാൽ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതികൾ സമാന സംഭവത്തിൽ തട്ടിപ്പു നടത്തിയതിൽ വട്ടപ്പാറ,ആറ്റിങ്ങൽ സ്റ്റേഷനുകളിലും കേസെടുത്തിട്ടുണ്ട്. ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.മഞ്ജുലാലിന്റെ നേതൃത്വത്തിൽ വെഞ്ഞാറമൂട് എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാം, എസ്ഐമാരായ സജിത്,ഷാൻ,എഎസ്ഐ റെജീന, ഗോകുൽ, അസീം, സിയാസ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി