പ്രേം നസീറിന്റെ മകൻ നടൻ ഷാനവാസ്‌ അന്തരിച്ചു

Attingal vartha_20250805_090855_0000

നിത്യഹരിതനായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു. നായക, വില്ലൻവേഷങ്ങളിൽ തിളങ്ങിയ ഷാനവാസിനെ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 12 മണിയോടെ മരിച്ചു. വൃക്കരോഗത്തിനു ചികിത്സയിലായിരുന്നു. വഴുതക്കാട് ആകാശവാണിക്കു സമീപം ഫ്ളാറ്റിലായിരുന്നു താമസം.

മലയാളം, തമിഴ് ഭാഷകളിലായി 96 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘പ്രേമഗീതങ്ങളി’ലൂടെയാണ് ഷാനവാസ് സിനിമയിലെത്തുന്നത്. ‘മണിത്താലി’, ‘ഗാനം’, ‘ഹിമം’, ‘ചൈനാ ടൗൺ’, ‘ചിത്രം’, കോരിത്തരിച്ച നാൾ തുടങ്ങിയവയാണ് അഭിനയിച്ച ചിത്രങ്ങളിൽ ചിലത്. ‘ഇവൻ ഒരു സിംഹം’ എന്ന സിനിമയിൽ ആദ്യമായി നസീറിനൊപ്പം അഭിനയിച്ചു. തുടർന്ന് ഏഴ് സിനിമകളിൽ പിതാവും മകനും ഒന്നിച്ചു. ‘ജനഗണമന’യാണ് അവസാന ചിത്രം.

ചിറയിൻകീഴ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മോണ്ട്ഫോർട്ട് സ്കൂൾ, യേർക്കാട് എന്നിവിടങ്ങളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുകയും ചെന്നൈയിലെ ന്യൂ കോളേജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടുകയും ചെയ്തു. എംഎ ഇംഗ്ലീഷ് സാഹിത്യത്തിൽ അവസാനവർഷ വിദ്യാർഥിയായിരിക്കെയാണ് 1981-ൽ പ്രേമഗീതങ്ങളിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഇരുപത്തഞ്ചോളം സിനിമകളിൽ നായകനായി. ഒട്ടേറെ ചിത്രങ്ങളിൽ വില്ലനും. ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടു.

1989-ൽ നസീറിന്റെ മരണശേഷവും അഭിനയം തുടർന്നെങ്കിലും വേഷങ്ങളിൽ ആവർത്തനവിരസതയുണ്ടായപ്പോൾ സിനിമാരംഗം വിട്ടു. പിന്നീട് ഗൾഫിൽ ഷിപ്പിങ് കമ്പനിയിൽ മാനേജരായി. അതിനുശേഷമാണ് സീരിയലിൽ അഭിനയിച്ചതും വീണ്ടും സിനിമയിലെത്തുന്നതും.

പരേതയായ ഹബീബ ബീവിയാണ് മാതാവ്. ഭാര്യ: ആയിഷാബീവി. മക്കൾ: അജിത്ഖാൻ(ദുബായ്), ഷമീർഖാൻ. മരുമകൾ: ഹന(കൊല്ലം). സഹോദരങ്ങൾ: ലൈല, റസിയ, റീത്ത. ചൊവ്വാഴ്ച വൈകീട്ട് മൃതദേഹം പാളയം ജുമാമസ്ജിദിലേക്ക് എത്തിക്കും. തുടർന്ന് അഞ്ചുമണിയോടെ കബറടക്കം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!