വർക്കല : പള്ളിക്കൽ കുന്നിൽ സ്വദേശിയായ നൈസാമിന്റെ മകൻ ആദിൽ നൈസാം അയർലണ്ട് അണ്ടർ–15 ദേശീയ ക്രിക്കറ്റ് ടീമിൽ തിരഞ്ഞെടുക്കപ്പെട്ടു. ഡബ്ലിനിലെ ഫിംഗ്ലസിലാണ് ഈ യുവതാരം ഇപ്പോൾ താമസിക്കുന്നത്. ക്രിക്കറ്റിൽ ലഭിച്ച അംഗീകാരങ്ങളും ഉജ്ജ്വല പ്രകടനങ്ങളുമാണ് ദേശീയ ടീമിലേക്കുള്ള ഉയർച്ചയ്ക്ക് വഴിയൊരുക്കിയത്.
2023-ലെ ലെയ്ൻസ്റ്റർ ക്രിക്കറ്റ് ലീഗിൽ മികച്ച ഫാസ്റ്റ് ബൗളറായി ആദിൽ അംഗീകാരം നേടിയിരുന്നു. ഇതോടെ ലെയ്ൻസ്റ്റർ ക്രിക്കറ്റ് ക്ലബ്ബിൽ അംഗമായി, ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി ടൂർണമെന്റുകളിലും മത്സരങ്ങളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.
ഈ വർഷം ഫെബ്രുവരി മാസത്തിൽ ദക്ഷിണാഫ്രിക്കയിൽ നടന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ ലെയ്ൻസ്റ്റർ ക്ലബ്ബിനെ പ്രതിനിധീകരിച്ച് കളിച്ച ഏകമലയാളി കൂടിയാണ് ആദിൽ. അയർലണ്ടിലെ വിവിധ പ്രൊവിൻഷ്യൽ മത്സരങ്ങളിലൂടെയും ടീമുകളിലൂടെയും ഉയർന്ന പ്രകടനം കാഴ്ചവെച്ചതോടെ, അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടാനായതും ദേശീയ ടീമിലേക്കുള്ള വാതിൽ തുറന്നതുമാണ് ഈ മലയാളി താരത്തിനെ ലോക ശ്രദ്ധയിലേക്ക് ഉയർത്തുന്നത്.
കേരളീയർക്ക് പ്രത്യേകിച്ച് പ്രവാസി മലയാളികൾക്കും അഭിമാനമായ ഈ നേട്ടം, ഇനിയും കൂടുതൽ മലയാളി താരങ്ങൾക്ക് ആഗോള കായിക വേദികളിലേക്ക് കടക്കാനുള്ള പ്രചോദനമായിരിക്കുകയാണ്.