ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ അവനവഞ്ചേരി, പാങ്ങോട് പോസ്റ്റ് ഓഫീസുകൾക്ക് ഈ സാമ്പത്തികവർഷം സ്വന്തം കെട്ടിടം നിർമ്മിക്കുമെന്ന് അടൂർ പ്രകാശ് എം.പി യുടെ ചോദ്യത്തിന് കമ്മ്യൂണിക്കേഷൻ വകുപ്പ് സഹമന്ത്രി ഡോ. പെമ്മസാനി ചന്ദ്രശേഖർ ലോക്സഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കി.
ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ 9 പോസ്റ്റ് ഓഫീസുകൾക്ക് സ്വന്തമായി സ്ഥലമുണ്ടെങ്കിലും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇതിൽ രണ്ടു പോസ്റ്റ് ഓഫീസുകൾക്ക് ഈ വർഷം കെട്ടിടം നിർമിക്കുന്നതിനാണ് ഡിപ്പാർട്ട്മെന്റ് പരിഗണിക്കുന്നത്.
രാജ്യത്താകെ 25, 096 പോസ്റ്റ് ഓഫീസുകൾ ഉള്ളതിൽ 4,499 പോസ്റ്റ് ഓഫീസുകൾ മാത്രമാണ് പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ബാക്കി 20,597 പോസ്റ്റ് ഓഫീസുകൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. ഈ സാമ്പത്തിക വർഷം 439 പോസ്റ്റ് ഓഫീസുകൾക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിനാണ് സർക്കാർ പദ്ധതി.
പുതിയ പോസ്റ്റ് ഓഫീസ് കെട്ടിടങ്ങൾ നിർമ്മിക്കുന്നത് സർക്കാർ ഘട്ടം ഘട്ടമായി നടപ്പാക്കി വരികയാണ്. കഴിഞ്ഞവർഷം 48 പോസ്റ്റ് ഓഫീസുകൾക്കാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. ഇതിലൊന്ന് വർക്കലയായിരുന്നു.
പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ സ്ഥലം വാണിജ്യ ആവശ്യങ്ങൾക്കായി വികസിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടില്ലെന്നും മന്ത്രി മറുപടിയിൽ വ്യക്‌തമാക്കി.