തിരുവനന്തപുരം: മലയാറ്റൂർ ട്രസ്റ്റ്ഏർപ്പെടുത്തിയപതിനെട്ടാമത് മലയാറ്റൂർ അവാർഡ് നോവലിസ്റ്റും കഥാകൃത്തുമായഇ.സന്തോഷ് കുമാറിൻ്റെ’ തപോമയിയുടെ അച്ഛൻ’ എന്ന നോവലിനു ലഭിച്ചു.25000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്.
പുതു തലമുറയിലെ ശ്രദ്ധേയരായ എഴുത്തുകാർക്കുള്ള മലയാറ്റൂർ പ്രൈസ് സലിൻ മാങ്കുഴിയുടെ ‘ആനന്ദലീല’ എന്ന നോവലിനാണ്. 10001 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് മലയാറ്റൂർ പ്രൈസ് .കെ.ജയകുമാർ ഐ.എ.എസ് ചെയർമാനും ഡോ.ജോർജ്ജ് ഓണക്കൂർ, ഡോ.വി.കെ.ജയകുമാർ, അനീഷ് കെ.അയിലറ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാർഡ് കൃതികൾ തെരഞ്ഞെടുത്തത്.
കൽക്കത്തയുടെ തെരുവുകളിൽ മറയുന്ന അഭയാർത്ഥികളുടെ ജീവിത ചിത്രങ്ങൾ കോറിയിടുന്ന ‘തപോമയിയുടെ അച്ഛൻ’ ആധുനിക മലയാള നോവലിൻ്റെ സങ്കീർണ ഗതികൾ ആവിഷ്ക്കരിക്കുന്ന കൃതിയാണ്. മനുഷ്യജീവിതത്തെ ചൂഴ്ന്നു നില്ക്കുന്ന ദുരൂഹതകൾ ചിത്രീകരിക്കുന്ന ഈ നോവൽ മലയാള സാഹിത്യത്തിൽ വേറിട്ട അസ്തിത്വം അടയാളപ്പെടുത്തുന്നുവെന്നു ജൂറി വിലയിരുത്തി.
സേതു , എം.മുകുന്ദൻ,
യു.എ.ഖാദർ,പി.മോഹനൻ,
പെരുമ്പടവംശ്രീധരൻ,കെ.പി.രാമനുണ്ണി, എൻ.പ്രഭാകരൻ ,
ഉണ്ണികൃഷ്ണൻതിരുവാഴിയോട്,പ്രഭാവർമ്മ,വി.മധുസൂദനൻനായർ ,ടി.ഡി.രാമകൃഷ്ണൻ,സതീഷ്ബാബുപയ്യന്നൂർ,സക്കറിയ, ഡോ.ജോർജ്ജ് ഓണക്കൂർ, സജിൽ ശ്രീധർ, ബെന്യാമിൻ, സാറാ ജോസഫ് എന്നിവർക്കാണ് മുൻ വർഷങ്ങളിൽ മലയാറ്റൂർ അവാർഡ് ലഭിച്ചിട്ടുള്ളത്.
രണ്ടു കാലങ്ങളിൽ ജീവിച്ച രണ്ട് പ്രതിഭകളെ സർഗ്ഗഭാവനയുടെ ഊർജ്ജം കൊണ്ട് വിളക്കിച്ചേർത്ത് പ്രണയത്തിൻ്റെ നാനാർത്ഥങ്ങൾ വരഞ്ഞിടുന്ന അസാധാരണ നോവലാണ് ‘ആനന്ദലീല’. കുമാരനാശാൻ്റെ കാവ്യജീവിതത്തെയും പ്രണയജീവിതത്തെയും ദാർശനിക ഭംഗിയോടെയും കയ്യടക്കത്തോടെയും അവതരിപ്പിക്കുന്നതിനോടൊപ്പം പ്രേംനസീറിൻ്റെ അവസാന കാലവും നോവലിൽ സംയോജിപ്പിക്കുന്നു. മുൻമാതൃകകളൊന്നുമില്ലാത്ത, ധീരമായ ഭാവനയാണ് ആനന്ദലീലയുടെ കരുത്തും കമനീയതയുമെന്ന് അവാർഡ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
അവാർഡുകൾ സെപ്റ്റംബർ അവസാനവാരം തിരുവനന്തപുരത്തു വച്ച് നൽകുമെന്നു സമിതി ചെയർമാൻ ഡോ.വി.കെ.ജയകുമാർ, സെക്രട്ടറി അനീഷ് കെ.അയിലറ എന്നിവർ അറിയിച്ചു.