വെഞ്ഞാറമൂട്: വയോധികയെ കബളിപ്പിച്ച് ഒന്നര പവൻ തൂക്കം വരുന്ന സ്വർണമാല തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. തൃശൂർ ഒരുമനയൂർ തങ്ങൾപടി പട്ടത്ത് വീട്ടിൽ താമസിക്കുന്ന, “തൊപ്പി യൂസഫ്” എന്നറിയപ്പെടുന്ന യൂസഫ് (45) ആണ് പിടിയിലായത്. വെഞ്ഞാറമൂട് കൊക്കോട് സീബാഭവനിൽ താമസിക്കുന്ന ലീലാമ്മ (70) ആണ് തട്ടിപ്പിനിരയായത്.
സംഭവം കഴിഞ്ഞ ജൂലൈ 30നാണ് നടന്നത്. വാർധക്യ പെൻഷൻ വാങ്ങാൻ വെഞ്ഞാറമൂട് ജംഗ്ഷനിലേക്ക് നടന്ന് വരികയായിരുന്ന ലീലാമ്മയെ പ്രതി സമീപിച്ച് പരിചയക്കാരനെപ്പോലെ സംസാരിക്കുകയും, മകളുടെ പേര്, ജോലി സ്ഥലം തുടങ്ങിയ വിവരങ്ങൾ അറിഞ്ഞ ശേഷം അവരെ ഫോണിൽ വിളിക്കുന്നതായി നടിക്കുകയും ചെയ്തു. തുടർന്ന് ‘ലോൺ ഉണ്ടല്ലേ’ എന്ന് ചോദിച്ച പ്രതി, 25,000 രൂപ മുൻകൂർ അടച്ചാൽ പ്രധാനമന്ത്രിയുടെ മുദ്രയോജന സ്കീമിൽ അഞ്ച് ലക്ഷം രൂപ ലഭിക്കുമെന്ന് പറഞ്ഞു വഞ്ചിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച പ്രതി, ലീലാമ്മയെ ഓട്ടോറിക്ഷയിൽ കയറ്റി പിരപ്പൻകോട് ബാങ്ക് മുമ്പിലെത്തിച്ച്, അടയ്ക്കാൻ ആവശ്യമായ 25,000 രൂപയ്ക്കായി കഴുത്തിലെ ഒന്നര പവൻ സ്വർണമാല ഊരി വാങ്ങുകയായിരുന്നു.
പ്രതിക്കെതിരെ 2025 ജനുവരി 9-ന് ഓമനമ്മ എന്ന വയോധികയിൽനിന്ന് രണ്ടര പവൻ മാല തട്ടിയ കേസും, 2024 ജൂലൈയിൽ കിളിമാനൂരിലെ മറ്റൊരു വയോധികയിൽനിന്ന് ഒന്നര പവൻ മാല തട്ടിയ കേസും ഉൾപ്പെടെ നിരവധി കേസുകൾ വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2024 ആഗസ്റ്റിലും ഡിസംബറിലും സമാനമായ രീതിയിൽ മാല കവർന്ന കേസുകളിൽ എറണാകുളം ടൗൺ സൗത്ത് പൊലീസ് അന്വേഷണം നടത്തുന്ന സമയത്താണ് ഇയാൾ വെഞ്ഞാറമൂട് കേസിൽ പിടിയിലായത്.
തന്റെ ഇരുപതാം വയസ്സുമുതൽ മോഷണം ജീവിതമാക്കിയ പ്രതി, സ്ഥിരമായി ഗോൾഫ് ക്യാപ് ധരിക്കുന്നതിനാൽ “തൊപ്പി യൂസഫ്” എന്ന പേരിൽ അറിയപ്പെടുന്നു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ താമസം മാറി മാറി തുടരുകയും, നിരന്തരം കവർച്ച നടത്തുകയും ചെയ്യുന്ന ഇയാൾ, പലതവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 2022 നവംബർ 11-ന് കോഴിക്കോട് ജില്ല ജയിലിൽ നിന്നാണ് ഒടുവിൽ മോചിതനായത്. വെഞ്ഞാറമൂട് മോഷണത്തിന് ശേഷം പഴവങ്ങാടി കോട്ടയ്ക്കകത്തെ ഒരു ലോഡ്ജിൽ താമസിച്ച് വരികയായിരുന്നു. സ്വർണം വിറ്റ് കിട്ടിയ ഏകദേശം ഒരു ലക്ഷം രൂപ മദ്യപാനത്തിനും മറ്റ് അനാശാസ്യ പ്രവർത്തനങ്ങൾക്കും ചെലവഴിച്ചു.
വൃദ്ധയുടെ മാല പൊട്ടിച്ച് നടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും പ്രചരിച്ചതിനെ തുടർന്ന്, പിടിയിലാകുമെന്ന ഭയത്തിൽ തൃശൂരിലേക്ക് കടക്കവെ വൈറ്റില ഹബ്ബിൽ വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്.
റൂറൽ എസ്.പി. സുദർശനന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്. ആലുവ, അങ്കമാലി, കൈപ്പമംഗലം, പേരാവൂർ, നോർത്ത് പരവൂർ, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിലും ഇയാൾ പ്രതിയാണ്. കൊടുങ്ങല്ലൂർ സ്റ്റേഷനിലെ പിടികിട്ടാപ്പുള്ളിയുമാണ് പ്രതി.
വെഞ്ഞാറമൂട് എസ്.എച്ച്.ഒ. ആസാദ് അബ്ദുൽകലാം, എസ്.ഐ.മാരായ സജിത്, ഷാൻ, ഷാജി, സി.പി.ഒ.മാരായ സിയാസ്, ഷാനവാസ് എന്നിവർ അടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി ഹാജരാക്കി.