പെരിങ്ങമ്മലയിൽ നവീകരിച്ച പബ്ലിക് മാർക്കറ്റും പഞ്ചായത്ത് ഓഫീസ് അനുബന്ധന കെട്ടിട സമുച്ചയവും ഉദ്ഘാടനം ചെയ്തു

Attingal vartha_20250812_100454_0000

പെരിങ്ങമ്മല പഞ്ചായത്തിലെ നവീകരിച്ച പബ്ലിക് മാർക്കറ്റും പഞ്ചായത്ത് ഓഫീസ് അനുബന്ധന കെട്ടിട സമുച്ചയവും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. ഇതിലൂടെ പെരിങ്ങമ്മല പഞ്ചായത്തിലെ പ്രധാനപ്പെട്ട രണ്ട് വികസന പദ്ധതികൾ യാഥാർഥ്യമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പബ്ലിക്ക് മാർക്കറ്റിൽ മാതൃകാപരവും മികച്ച രീതിയിലും മാലിന്യ സംസ്കരണത്തിനുള്ള വഴികൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് എല്ലാ തദ്ദേശ സേവനങ്ങളും പൂർണമായും വിരൽത്തുമ്പിൽ എത്തിച്ച ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്നും, കെ സ്മാർട്ട് ആപ്പ് ജനങ്ങൾ ഫലപ്രദമായി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ പുതിയതായി പണികഴിപ്പിച്ച പബ്ലിക് ലൈബ്രറി, ഐ. സി. ഡി. എസ് ഓഫീസ്, സാക്ഷരതാ മിഷൻ, തുടർവിദ്യാഭ്യാസ കേന്ദ്രം, അതിഥി മന്ദിരം, വ്യവസായ സംരംഭക സഹായ കേന്ദ്രം എന്നിവ ഉൾപ്പെട്ടതാണ് പുതിയ ഓഫീസ് സമുച്ചയം. 67 ലക്ഷം ചെലവഴിച്ചാണ് ഓഫീസ് സമുച്ചയം നിർമിച്ചത്.

1 കോടി 47 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച മാർക്കറ്റിൽ അനവധി കടമുറികളുള്ള ഷോപ്പിം​ഗ് കോംപ്ലക്സ്, ആധുനിക നിലവാരത്തിലുള്ള ഇറച്ചിവിൽപന കേന്ദ്രം, മത്സ്യക്കച്ചവടം, ഉണക്കമീൻ, പച്ചക്കറി എന്നിവ വിൽക്കുന്നതിനുള്ള വെവ്വേറെ സംവിധാനങ്ങളും കുട്ടികൾക്കായി പാർക്ക്, നിരീക്ഷണ ക്യാമറകൾ, ചുറ്റുമതിൽ അടക്കം നിർമ്മിച്ചിട്ടുണ്ട്.

കെട്ടിടം യാഥാർഥ്യമാകുന്നതോടെ വർഷങ്ങളായി പെരിങ്ങമ്മലയിൽ ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മാവേലിസ്റ്റോർ ചന്തയ്ക്കുള്ളിലെ പുതിയ കെട്ടിടത്തിലേക്കുമാറും. നിലവിലെ മാവേലിസ്റ്റോറിൽ അരി ഉൾപ്പെടെയുള്ള ദൈനംദിനസാധനങ്ങൾ വെള്ളം കയറി നശിക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റം.

ചടങ്ങിൽ ഡി.കെ.മുരളി എംഎൽഎ അധ്യക്ഷത വഹിച്ചു. പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈന ദിൽഷാദ് , വികസനകാര്യ സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർമാൻ കലയപുരം അൻസാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർമാൻ സിയാദ് എം.എസ് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!