സര്‍ക്കാര്‍ സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ നന്നാട്ടുകാവ് സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലെ സ്‌കൂള്‍ ബസ് ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ വകുപ്പ് കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 6000 കോടിയിലധികം രൂപയാണ് വിനിയോഗിച്ചിട്ടുള്ളത്. സ്ഥലപരിമിതികളുള്ള സ്‌കൂളില്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ മികച്ച പഠനാന്തരീക്ഷമുണ്ടാക്കും. സര്‍ക്കാര്‍ സ്‌കൂളുകള്‍ നാടിന്റെ വെളിച്ചമാണ്. അവയെ സംരക്ഷിക്കാന്‍ രക്ഷകര്‍ത്താക്കളും സ്‌കൂളിന്റെ ഭാഗമാകണമെന്നും മന്ത്രി പറഞ്ഞു.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക വിനിയോഗിച്ചാണ് നന്നാട്ടുകാവ് എല്‍ പി സ്‌കൂളിന് പുതിയ സ്‌കൂള്‍ ബസ് വാങ്ങിയത്.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍ അനുജ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിന്ദുലേഖ, വെമ്പായം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ബാബുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.