വർക്കല : ഇലകമൺ ഗ്രാമപഞ്ചായത്തും ഇലകമൺ കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനാഘോഷം അഡ്വ.വി.ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തലത്തിൽ കർഷക അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട 11 കർഷകരെ എംഎൽഎ ഉപഹാരം നൽകി ആദരിച്ചു.
വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ ഇലകമൺ ‘ഹരിതം’ ജൈവവളം ഗ്രൂപ്പ് ഉൽപാദിപ്പിച്ച ജൈവ വളത്തിന്റെ വിതരണോദ്ഘാടനം ചടങ്ങിൽ നിർവഹിച്ചു. ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.സൂര്യ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ഗീതാനസീർ, വർക്കല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻ രാജ്,ഇലകമൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈജുരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബെന്നി കെ.ജി, ഇലകമൺ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിത.വി, ഉമ എസ്.എസ്, സെൻസി.വി, സരിത് കുമാർ എസ്, സുനു സുദേവ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എം.പ്രേമവല്ലി, വർക്കല കൃഷി അസിസ്റ്റന്റ് ഡയറക്ടർ നസീമാബീവി.എം, അയിരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ബി.എസ് ജോസ്, ഇലകമൺ കൃഷി ഓഫീസർ ആർ.എസ് അനശ്വര, അസിസ്റ്റന്റ് കൃഷി ഓഫീസർ ആർ.അനിൽകുമാർ എന്നിവർ സംസാരിച്ചു.
കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര സമിതി അംഗങ്ങൾ, കർഷക സുഹൃത്തുക്കൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
കർഷക ദിനാഘോഷങ്ങളുടെ ഭാഗമായി കർഷക റാലി, ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള സെമിനാർ, കർഷകരുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു.