പോത്തൻകോട്: അയിരൂപ്പാറ കൊച്ചിറക്കത്ത് വിറകുകയറ്റി വന്ന ടിപ്പർ ലോറി നിയന്ത്രണം തെറ്റി വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി. ബ്ലോക്ക് പഞ്ചായത്തംഗം അനിലിന്റെ വീടിനുമുന്നിലെ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചശേഷം തൊട്ടടുത്ത വീടിനോടു ചേർന്ന് സ്റ്റോർ കട നടത്തുന്ന രമേശ്കുമാറിന്റെ വീടിന് മുന്നിലെ മതിലും ഗേറ്റും തകർത്താണ് ലോറി നിന്നത്.
വീട്ടിലെ സിറ്റൗട്ട് വരെ ലോറിയെത്തി. അപകടത്തിൽ കടയുടെ ചുവരിന് കേടുപാടുണ്ട്. ലോറി നിയന്ത്രണം തെറ്റി വരുന്നതുകണ്ട് രമേഷ് കുമാറും ഭാര്യയും അകത്തേക്ക് ഓടിമാറിയതിനാൽ വലിയ അപകടം ഒഴിവായി. ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നെങ്കിലും ഡ്രൈവറും ക്ലീനറും കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.കരകുളം കായ്പാടി സ്വദേശിയായ അനിൽകുമാറിന്റേതാണ് ലോറി. ഇയാളാണ് ലോറി ഓടിച്ചിരുന്നത് വട്ടപ്പാറയിൽ നിന്ന് കഴക്കൂട്ടം വെട്ടുറോഡിലേക്ക് റബർ വിറക് കയറ്റി വന്നതായിരുന്നു. അമിത ലോഡാണ് അപകടകാരണമെന്ന് കരുതുന്നു. പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി.
 
								 
															 
								 
								 
															 
															 
				

