തെറ്റായ പ്രവണതകൾ വച്ചു പുലർത്തുന്ന ഉദ്യോഗസ്ഥരോട് സംസ്ഥാന സർക്കാറിന് യാതൊരു സന്ധിയും ഉണ്ടാവില്ലെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വക്കം-കായിക്കര കടവ് പാലം നിർമ്മാണ ഉദ്ഘാടനവും ബി.എം & ബി.സി. നിലവാരത്തിൽ നവീകരിച്ച നിലയ്ക്കാമുക്ക്- കായിക്കരക്കടവ് പണയിൽക്കടവ് റോഡിൻ്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള റോഡുകളും പാലങ്ങളുമാണ് കേരളത്തിൽ ഉയരുക. കരാറുകാർ പാലം, റോഡ് എന്നിവയുടെ പൂർത്തീകരണത്തിൽ ഭംഗം വരുത്തിയാൽ കൃത്യമായ നടപടി നേരിടേണ്ടി വരും. രാജ്യത്ത് ആദ്യമായി പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 100 ശതമാനം റോഡുകളും ബി.എം & ബി.സി നിലവാരത്തിലേക്ക് ഉയർത്തും എന്നും ഈ സർക്കാറിൻ്റെ കാലത്ത് തന്നെ 65 ശതമാനത്തിലേറെ റോഡുകളും ഇത്തരത്തിൽ ആകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ആറ്റിങ്ങൽ, ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ വക്കം-അഞ്ചുതെങ്ങ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതിനായി ടി എസ് കനാലിന് കുറുകെ കായിക്കര കടവിൽ നിർമ്മിച്ച പാലം 221.3 മീറ്റർ നീളവും 11 മീറ്റർ വീതിയും 1.5 മീറ്റർ ഇരുവശങ്ങളിലുമായി നടപ്പാതയും ഉൾപ്പെടുന്നതാണ്.
പൊതു മരാമത്ത് വകുപ്പിൻ്റെ വാർഷിക ബഡ്ജറ്റിൽ ഉൾപ്പെടുത്തി നാല് കോടി 34 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നവീകരണം പൂർത്തിയാക്കിയത്.
ഒ.എസ്.അംബിക എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി. ശശി എം എൽ എ, കേരള സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ. രാമു, കെ.ആർ.എഫ്.ബി പ്രോജക്ട് ഡയറക്ടർ എം. അശോക് കുമാർ എന്നിവർ പങ്കെടുത്തു.