മാണിക്കൽ: കായിക പരിശീലനത്തിലൂടെ മുഴുവന്‍ ജനങ്ങളെയും കളിക്കളത്തിലേക്ക് ആകര്‍ഷിക്കുകയും ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍.
വി.സുധാകരന്‍ മെമ്മോറിയല്‍ മിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ എന്ന പദ്ധതി പ്രകാരം സംസ്ഥാനത്ത് 14 കളിക്കളങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. 76 എണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. കളിക്കളം പദ്ധതിക്ക് വിവിധ ബജറ്റുകളിലായി 88 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം 18 കോടിയാണ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.
കായിക മേഖലയിലെ പശ്ചാത്തല സൗകര്യവികസനത്തിന് സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്നും നിരവധി അന്തര്‍ദേശീയ- ദേശീയ താരങ്ങള്‍ ഉള്‍പ്പെടെയുള്ള ഒട്ടനവധി കായിക താരങ്ങളെ സംഭാവന ചെയ്ത പ്രദേശമാണ് മാണിക്കല്‍ എന്നും ചടങ്ങിന് അധ്യക്ഷത വഹിച്ച മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഒരു കോടി രൂപയും എംഎല്‍എ ഫണ്ടില്‍നിന്ന് അനുവദിച്ച 15 ലക്ഷം രൂപയിലുമാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം. വോളി ബോള്‍, ഷട്ടില്‍ കോര്‍ട്ടുകളാണ് പണി പൂര്‍ത്തീകരിച്ചിട്ടുള്ളത്. മാണിക്കല്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ മീനാറയിലെ കളിസ്ഥലത്താണ് സ്റ്റേഡിയം പണിതത്. സംസ്ഥാന ടൂര്‍ണമെന്റുകള്‍ നടത്താനുള്ള സൗകര്യങ്ങള്‍ സ്റ്റേഡിയത്തിലുണ്ട്.
ചടങ്ങില്‍ മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ലേഖകുമാരി , കെ. ഷീലാകുമാരി എന്നിവര്‍ പങ്കെടുത്തു.