വിളപ്പിൽശാല: വീടിനു തീപിടിച്ചു വീട്ടുപകരണങ്ങളും ഫർണീച്ചറും കത്തി നശിച്ചു. വിളപ്പിൽശാല ചൊവ്വള്ളൂർ ഊറ്റുകുഴിക്കു സമീപം കൈലാസ് വീട്ടിൽ വിശ്വദേവിൻ്റെ വീടിനാണ് തീപിടിച്ചത്. ഇന്നലെ രാവിലെ 4:30യോടെ ഗൃഹനാഥ ജയശ്രീ ഉണർന്ന് അടുക്കള ഭാഗത്ത് എത്തിയപ്പോഴാണു വീടിന്റെ മേൽഭാഗത്ത് തീയും പുകയും കാണുന്നത്.
തുടർന്ന് ഇവർ മക്കളായ ഡോ. വിശ്വഗായത്രി, ഡോ. വിശ്വശില്പ്പി എന്നിവരെ ഉണർത്തി അഞ്ചു പേരുമായി പുറത്തേക്ക് ഓടുകയായിരുന്നു. വിശ്വദേവിന്റെ കൈയിൽ കത്തിയ തടിക്കഷണം പതിച്ചു നേരിയ പൊള്ളലേറ്റു. നിമിഷനേരം കൊണ്ടാണ് വീടിനുള്ളിൽ മുഴുവനും തീ പടർന്നത്. കത്തിയ വീടിന്റെ സീലിംഗ് തടികൊണ്ട് നിർമിച്ചതായിരുന്നു.
ഇതിലേക്ക് വ്യാപിച്ചതാണു തീ അതിവേഗം പടരാൻ കാരണം. വിലപ്പെട്ട രേഖകളും പുസ്തകങ്ങളും മരുന്നുകളും ഫർണിച്ചറുകളും ഉൾപ്പെടെ വീട്ടിനുള്ളിൽ ഉണ്ടായിരുന്ന മുഴുവൻ സാധനങ്ങളും കത്തി നശിച്ചു. രാവിലെ വിവാഹനിശ്ചയം നടക്കാനിരിക്കെയാണു തീപിടിത്തം ഉണ്ടായത്.
സംഭവത്തെ തുടർന്നു വിവാഹനിശ്ചയം മാറ്റിവെച്ചു. കാട്ടാക്കടയിൽ നിന്നും മൂന്നു യൂണിറ്റ് അഗ്നി രക്ഷാസേനയെത്തിയാണു മണിക്കൂറുകളുടെ പരിശ്രമത്തിൽ തീ നിയന്ത്രണവിധേയമാക്കിയത്. യൂണിവേഴ്സിറ്റിയിലെ ആദ്യ തകിൽ വാദ്യ ജേതാവായ വിശ്വദേവിൻ്റെ തകിലും കത്തിയമർന്നു.
കാട്ടാക്കട ഫയർ സ്റ്റേഷനിലെ രണ്ടു യൂണിറ്റും നെയ്യാർഡാമിൽ നിന്നും ഒരു യൂണിറ്റും ചേർന്നാണ് അഗ്നിരക്ഷാ പ്രവൃത്തികൾക്കെത്തിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഇൻചാർജ് വിനു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ്, അൻവർ, അരുൺ കുമാർ, ആനന്ദ്, അനീഷ്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ഷഫീക്, ശ്രീകണ്ഠൻ, ഹോം ഗാർഡ് സുമേഷ് എന്നിവരാണ് തീകെടുത്താൻ നേതൃത്വം നൽകിയത്.