ജനവാസ മേഖലയിലേക്കിറങ്ങിയ കാട്ടു പോത്തിനെ മയക്കു വെടിവച്ചു പിടികൂടി പേപ്പാറ വന മേഖലയിൽവിട്ടു. വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭിച്ച ശേഷമാണ് ഇന്നലെ വൈകുന്നേരം 4.30 ഓടെ മയക്കു വെടിവച്ചത്.
ശനിയാഴ്ച രാവിലെയോടെ തൊളിക്കോട് പഞ്ചായത്തിലെ പനയ്ക്കോട് മേഖലയിൽ കണ്ട പോത്തിനെ ആർആർടി ഉൾപ്പെടെയുള്ള വനം വകുപ്പ് സംഘം റെസ്ക്യൂ ചെയ്യാനാണ് പദ്ധതിയിട്ടത്. എന്നാൽ പോത്ത് അവശനിലയിരുന്നതിനാൽ മയക്കു വെടി വയ്ക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു.
നാല് വയസോളം പ്രായമുള്ള പോത്താണിത്. ഓടുന്നതിനിടെ വീണു പരുക്കേറ്റെങ്കിലും സാരമല്ലെന്ന് വനം അധികൃതർ പറഞ്ഞു. ഡിഎഫ്ഒ, പരുത്തിപ്പള്ളി വനം റേഞ്ച് ഓഫീസർ എസ്. ശ്രീജു, ഡിആർഒ അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദൗത്യം.