ആര്യനാട് പഞ്ചായത്തം​ഗത്തിന്‍റെ മരണം; ‘ കുടുംബം പറയുന്നത്…

Attingal vartha_20250826_150900_0000

ആര്യനാട് : ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീജയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആരോപണവുമായി ശ്രീജയുടെ ഭർത്താവ് ജയൻ.

 പഞ്ചായത്ത് പ്രസിഡന്റ് ആരോപണങ്ങൾ ഉന്നയിച്ചതിൽ മനംനൊന്താണ് ശ്രീജ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്‍റെ പരാതി. ഇന്നലെ ബിജു മോഹന്റെ നേതൃത്വത്തിൽ ശ്രീജയ്ക്കെതിരെ പ്രതിഷേധ യോഗം സിപിഎം സംഘടിപ്പിച്ചിരുന്നുവെന്നും ശ്രീജ മൈക്രോ ഫിനാൻസുകളിൽ നിന്നെടുത്ത പണം തിരിച്ചുകൊടുക്കാത്തത് തട്ടിപ്പാണെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണമെന്നും ഇതിൽ വലിയ മനോവിഷമത്തിലായിരുന്നു ശ്രീജയെന്നും ഭർത്താവ് ജയൻ പറയുന്നു.

ആര്യനാട് – കോട്ടയ്ക്കകം വാർഡ് മെമ്പറായ ശ്രീജ ഇന്ന് രാവിലെയാണ് മരിച്ചത്. വീട്ടിൽ ആസിഡ് കുടിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാർ ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടുത്ത സാമ്പത്തിക പ്രശ്നമാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആര്യനാട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂന്ന് മാസത്തിന് മുമ്പും ശ്രീജ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട് നാട്ടുകാർക്ക് പണം കൊടുക്കാനുണ്ടെന്ന് ആരോപണം ശ്രീജയ്ക്കെതിരെ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ കഴിഞ്ഞ ദിവസം എൽഡിഎഫ് ആര്യനാട് പ്രതിഷേധം നടത്തിയിരുന്നു. ഇതിൽ മനംനൊന്താണ് ശ്രീജ ജീവനൊടുക്കിയതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

അതേസമയം, ശ്രീജയുടെ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങാൻ സമ്മതിക്കാതെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി. ആര്യനാട് പഞ്ചായത്ത് പ്രസിഡണ്ടിനും മറ്റ് സിപിഎം പ്രവർത്തകർക്കുമെതിരെ എഫ്ഐആർ ഇടണം എന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ശ്രീജയെ സിപിഎം വ്യക്തിപരമായി വേട്ടയാടിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു

ശ്രദ്ധിക്കുക: `(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)`

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!