ആലംകോട്: പ്രവാചകൻ മുഹമ്മദ് നബിയുടെ 1500ആമത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി ആലംകോട് പ്രവാചക പ്രകീർത്തന സദസ്സ്, ബുർദ മജ്‌ലിസ് സംഘടിപ്പിക്കുന്നു. കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ് എസ് എഫ് ആലംകോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ഓഗസ്റ്റ് 29ന് ആലംകോട് ഹാരിസൺ പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് പ്രവാചക പ്രകീർത്തന സദസ്സ് സംഘടിപ്പിക്കുന്നത്. ഹാഫിള് സ്വാദിഖലി ഫാളിലി ഗൂഡല്ലൂർ ബുർദ മജ്‌ലിസിന് നേതൃത്വം നൽകുമെന്ന് ആലംകോട് ഹാരിസൻ പ്ലാസയിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
വൈകുന്നേരം 7 മണി മുതൽ ആരംഭിക്കുന്ന പരിപാടിയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ഹാഷിം ഹാജി അധ്യക്ഷത വഹിക്കുകയും സമസ്ത ജില്ലാ ഉപാധ്യക്ഷൻ എം എ ഷംസുദ്ദീൻ അഹ്സനി ഉദ്ഘാടനവും നിർവഹിക്കും. എസ് വൈ എസ് ജില്ലാ എക്സിക്യൂട്ടീവ് സയ്യിദ് ഹുസൈൻ ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന സദസ്സ് സയ്യിദ് അഹ്മദുൽ അമീൻ ബാഫഖി അൽ അസ്ഹരി തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രാർത്ഥന സംഗമത്തോടെ സമാപിക്കും.
പരിപാടിയിൽ പാലാംകോണം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അബ്ദുറഹീം ബാഖവി ഉദ്ബോധനം നടത്തി സംസാരിക്കും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി മുഹമ്മദ് റാഫി, സ്വാഗതസംഘം ചെയർമാൻ യാസർ പാറക്കാട്ടിൽ, എസ് വൈ എസ് ആറ്റിങ്ങൽ സോൺ പ്രസിഡന്റ് മുഹമ്മദ് താഹ മഹ്ളരി, എസ് വൈ എസ് ആറ്റിങ്ങൽ സോൺ സാന്ത്വനം സെക്രട്ടറി സാജിദ് ഹൈമ തുടങ്ങിയവർ സംസാരിക്കും. സ്വാഗതസംഘം കൺവീനർ നിജാസ് എസ് സ്വാഗതമാശംസിക്കുന്ന പരിപാടിയിൽ എസ് വൈ എസ് ആലംകോട് യൂണിറ്റ് സെക്രട്ടറി റിയാസ് ഹമീദ് നന്ദി രേഖപ്പെടുത്തും.