ഓണത്തിന് അനുവദിച്ച സ്പെഷ്യൽ അരി വാങ്ങാൻ സംസ്ഥാനത്തെ മുഴുവൻ റേഷൻകടകളും നാളെ (31/08/2025 തുറന്ന് പ്രവർത്തിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.
സർക്കാരിന്റെ പൂർണമായ പ്രതിബദ്ധത സാധാരണ ജനങ്ങളോടും തൊഴിലാളികളോടുമാണ്. അതുകൊണ്ടുതന്നെ ഓണക്കിറ്റ് വിതരണം സെപ്റ്റംബർ നാലിന് വൈകുന്നേരം വരെ തുടരുമെന്നും മന്ത്രി പറഞ്ഞു.
ഉഴമലയ്‌ക്കൽ ഗ്രാമപഞ്ചായത്തിലെ ഏലിയാവൂർ മാർക്കറ്റ് സ്റ്റാൾ, കുളപ്പട മാവേലി സ്റ്റോർ എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ഒരാളും ഈ കാലത്ത് പട്ടിണി കിടക്കുന്ന സാഹചര്യം ഉണ്ടാകരുത് എന്നതാണ് ഈ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം.
അതിദരിദ്രരില്ലാത്ത കേരളം എന്ന വലിയ നേട്ടത്തിലേക്ക് സംസ്ഥാനം അടുക്കുകയാണ്. വരുന്ന നവംബർ മാസം ഒന്നാം തീയതിയോടെ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കാനാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏലിയാവൂർ മാർക്കറ്റ് സ്റ്റാൾ ജി സ്റ്റീഫൻ എം എൽ എ യുടെ ആസ്ഥിവികസന ഫണ്ടിൽനിന്നും തുക വകയിരുത്തി ഇരു നിലകളിലായിട്ടാണ് നിർമിച്ചിരിക്കുന്നത്. ഇതിനോടൊപ്പം നിർമിച്ച കുളപ്പട മാവേലി സ്റ്റോറിന്റെ പുതിയ കെട്ടിടവും ജനങ്ങൾക്കായി തുറന്നു നൽകി.
ജി സ്റ്റീഫൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ലളിത, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയർ സതീഷ് കുമാർ, ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ശേഖരൻ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എ റഹീം തുടങ്ങിയവർ പങ്കെടുത്തു.