പാങ്ങോട് ഗ്രാമത്തിന്റെ ചിര കാല സ്വപ്നമായിരുന്ന സാംസ്ക്കാരിക സമിതിയും, ലൈബ്രറിയും ഒടുവിൽ യഥാർഥ്യമായി.
ഇന്നലെ വൈകുന്നേരം 5 മണിയ്ക്ക് പാങ്ങോട് കൾച്ചറൽ സെന്ററിന്റെ ഉത്ഘാടനം എം എൽ എ ഡി കെ മുരളി നിർവഹിച്ചു. വർഷങ്ങളായി നിരവധി പേർ പരിശ്രമിച്ചിട്ടും ലക്ഷ്യം കാണാതെ പോയ സ്വപ്നമാണ് പാങ്ങോട് കൾച്ചറൽ സെന്റർ എന്ന യുവ കൂട്ടായ്മയിലൂടെ ഗ്രാമത്തിന് ലഭ്യമായത്.
റംസ് പാങ്ങോടിന്റെ നേതൃത്വത്തിലുള്ള യുവാക്കളുടെ അക്ഷീണ പരിശ്രമമാണ് പാങ്ങോട് ഗ്രാമത്തിന്റെ സ്വപ്ന സഫല്യത്തിനു വഴിയൊരുക്കിയത്. ഗ്രാമത്തിൻ്റെ ഉന്നമനത്തിനായുള്ള ഉദ്യമത്തിന് പല പ്രതിബന്ധങ്ങൾ നേരിടേണ്ടി വന്നെങ്കിലും ഷാഹിനും,ആസിഫും ,അഫ്നാനും, അരുണും,മുസമ്മിലും, റഹീം പാങ്ങോടും, നിഷാദ് സംസ്‌കൃതിയും,വിഷ്ണുവർധനും , റാഫിയും ഉൾപ്പെടുന്ന യുവാക്കൾ നേതൃത്വം നൽകുന്ന കൂട്ടായ്മയ്ക്ക് മുന്നിൽ അതൊന്നും തടസ്സമായില്ല.
സമീപ പ്രദേശങ്ങളിലെ ഗ്രാന്റോട് കൂടി പ്രവർത്തിക്കുന്ന ലൈബ്രറികളെക്കാളും പുസ്തക ശേഖരം കൊണ്ടും, വിശാലമായ റീഡിങ് റൂം കൊണ്ടും ശ്രദ്ധയേമാണ് പാങ്ങോട് കൾച്ചറൽ സെന്ററിന്റെ ലൈബ്രറി.ജാതി മത വർണ്ണ ചിന്തകൾക്കപ്പുറം മനുഷ്യനെന്ന തിരിച്ചറിവ് ബോധ്യപ്പെടുത്തുകയാണ് പുതിയ മുന്നേറ്റത്തിന്റെ ലക്ഷ്യമെന്ന് യുവ കൂട്ടായ്മക്ക് നേതൃത്വം നൽകുന്ന മുഹമ്മദ് അൽ റംസ് അറിയിച്ചു.
സ്വപ്നമായിരുന്ന ഈ നേട്ടം കൈപ്പിടിയിൽ ഒതുക്കാൻ സഹായിച്ചത് നാടിനെ സ്നേഹിക്കുന്ന വ്യാപാരി സുഹൃത്തുക്കളും, സുമനസ്സുകളും ഒരുമിച്ചത് കൊണ്ടാണെന്നും കക്ഷി രാഷ്ട്രീയത്തിനപ്പുറം എല്ലാവരെയും ഒരുമിച്ച് ചേർത്ത് പാങ്ങോട് ഗ്രാമത്തിന്റെ സാംസ്ക്കാരിക തനിമ നിലനിർത്തുക എന്നതാണ് കൾച്ചറൽ സെന്ററിന്റെ പ്രഥമ പരിഗണനയെന്നും നിഷാദ് സംസ്കൃതി അഭിപ്രായപ്പെട്ടു.
ഉത്ഘാടന വേളയിൽ സുഭാഷ് പാങ്ങോട്, ചിത്ര ചന്ദ്രൻ , അനിൽ വെഞ്ഞാറമൂട്, കുമാരി സൂര്യ, ഷെമീർ കല്ലറ,അഫ്സൽ പാങ്ങോട് എന്നീവർ സന്നിഹിതരായിരുന്നു.
പാങ്ങോട് കൾച്ചറൽ സെൻ്ററിൻ്റെ പ്രസിഡൻ്റായി ഷാഹിൻ പാങ്ങോടിനെയും സെക്രട്ടറി ആയി അരുൺ പാങ്ങോടിനെയും ട്രഷറർ ആയി മുസമ്മിൽ പാങ്ങോടിനെയും തെരെഞ്ഞെടുത്തു.