കിളിമാനൂരിൽ പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിന് ഇടയിൽ യുവാക്കൾക്ക് നേരെ കാറിടിച്ച് കയറ്റാൻ ശ്രമിച്ചതായി പരാതി.
പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. വീടിനു മുന്നിൽ കാർ പാർക്ക് ചെയ്തത് വീട്ടുടമ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്.
വീട്ടുടമ വിനോദ് കുമാർ കിളിമാനൂർ പോലീസിൽ പരാതി നൽകി. കിളിമാനൂർ പാപ്പാല സ്വദേശികളായ ഷാനവാസ്,ആനന്ദ്,വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി പത്തരയോടെ കൂടി കിളിമാനൂർ കുറവൻ കുഴിയിലെ ഒരു തട്ടുകടയിലാണ് സംഭവം. തട്ടുകടയിൽ എത്തിയ രണ്ട് കാറുകളിലൊന്ന് വിനോദ് കുമാറിന്റെ വീട്ടിനുമുന്നിൽ പാർക്ക് ചെയ്യുകയും അവിടെ നിന്ന് അല്പം മാറ്റി ഇടാൻ വിനോദ് കുമാർ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കം.
ഈ തർക്കങ്ങൾ കണ്ടുനിന്ന വിനോദ് കുമാറിന്റെ പരിചയക്കാരായ ഷാനവാസ്,വിഷ്ണു, ആനന്ദ് എന്നിവർ അവിടേക്ക് വരികയും വന്നവർക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു കാർ യുവാക്കളുടെ നേരെ ഇടിച്ചു കയറ്റാൻ ശ്രമിക്കുകയും ചെയ്തു. ഒരു വാഹനത്തിൽ സ്ത്രീകളും കുട്ടികളും ഉണ്ടായതായി പറയുന്നു. കാറിൽ ഉണ്ടായിരുന്നവർ അവിടെ നിന്നവരെ ആക്രമിക്കാൻ ശ്രമിക്കുകയും അസഭ്യ വർഷം നടത്തിയതായും പരാതിയിൽ പറയുന്നു . അതിനുശേഷം രണ്ടു കാറും അവർ അവിടെ നിന്ന് എടുത്തു കൊണ്ടു പോയി.
സാരമായി പരിക്കേറ്റ യുവാക്കളെ വൈദ്യ പരിശോധനയ്ക്കായി ആദ്യം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രശ്നങ്ങളുണ്ടാക്കിയ കാറിനുള്ളിൽ ഉണ്ടായിരുന്നവരെ കുറിച്ച് കിളിമാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു.