കെഎസ്ആർടിസി ബസ് കയറുന്നതിനിടെ വീട്ടമ്മയുടെ മൂന്നര പവൻ്റെ മാല കവർന്നു. അമ്പലത്തിൻകാല ശ്രീകല്ലടി ബാവ നിവാസിൽ ഗിരിജ കുമാരി(58) യുടെ മാലയാണ് കാട്ടാക്കട ഡിപ്പോയിൽനിന്ന് കവർന്നത്.
കാട്ടാക്കടനിന്നും കൊറ്റംപള്ളിവഴി കീഴാറൂരിലേയ്ക്കു പോകുന്ന ബസിൽകയറവേയാണു മാല നഷ്ടപ്പെട്ടത്. ക്ഷേത്രദർശനം കഴിഞ്ഞ് ഉച്ചയോടെ ബന്ധുവിനൊപ്പം കാട്ടാക്കട ഡിപ്പോയിലെത്തി ഏറെ നേരം കാത്തിരുന്ന ശേഷമാണു ബസ് വന്നത്. ബസിനുള്ളിലേയ്ക്കു കയറുന്നതിനിടെയുള്ള തിരക്കിനിടയിലാണ് മൂന്നരപ്പവൻ്റെ മാല നഷ്ടപ്പെട്ടത്.
പിന്നിൽനിന്ന സ്ത്രീയാണ് മാലപൊട്ടിച്ചതെന്നറിഞ്ഞു നിലവിളിച്ചപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടെന്നു ഗിരിജ പറയുന്നു. മാല മോഷണം പോയതറിഞ്ഞതോടെ ഏറെ ബഹളം വയ്ക്കുകയും നിലവിളിക്കുകയും ചെയ്തെങ്കിലും ഡിപ്പോയിലെ സുരക്ഷാജീവനക്കാരോ ഉദ്യോഗസ്ഥരോ ഇടപെട്ടില്ലെന്ന് ഒപ്പമുണ്ടായവർ പറഞ്ഞു. പിന്നാലെ ഗിരിജ കുമാരി പോലീസിൽ പരാതി നൽകി