വിതുര വേളാങ്കണ്ണി മാതാപള്ളിക്ക് സമീപമുള്ള വെയിറ്റിംഗ് ഷെഡിൽ അന്തിയുറങ്ങിയിരുന്ന മണിയൻ ആചാരിയെ (85) ഇടിച്ചിട്ട കാർ കണ്ടെത്തി.ഇയാളെ ഇടിച്ച കാർ കഴിഞ്ഞദിവസം രാവിലെ 11ന് വിതുര പൊലീസ് സ്റ്റേഷന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.അന്വേഷണത്തിൽ ആര്യനാട് വില്ലേജ് ഓഫീസറും,പനയ്ക്കോട് ചെറുവക്കോണം സ്വദേശിയുമായ പ്രമോദിന്റെ കാറാണെന്ന് കണ്ടെത്തി.
ബന്ധുക്കൾ ആരുമില്ലാത്തതിനാൽ വർഷങ്ങളായി വെയിറ്റിംഗ്ഷെഡിലും കടവരാന്തകളിലുമാണ് സ്വാമി എന്ന് വിളിക്കുന്ന മണിയനാചാരി അന്തിയുറങ്ങിയിരുന്നത്. ചൊവ്വാഴ്ച രാത്രി 7.30ഓടെ വെയിറ്റിംഗ് ഷെഡിന് മുന്നിൽ നിന്ന മണിയനാചാരിയെ,നെടുമങ്ങാട് ഭാഗത്തു നിന്ന് അമിതവേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ശേഷം നിറുത്താതെ കാർ പോയി.
ഓവർടേക്ക് ചെയ്യുന്നതിനിടെയായിരുന്നു അപകടമെന്ന് പൊലീസ് അറിയിച്ചു.ഗുരുതരമായി പരിക്കേറ്റ മണിയൻ ആചാരിയെ ഉടൻ വിതുര താലൂക്കാശുപത്രിയിലും, തുടർന്ന് മെഡിക്കൽകോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിതുര സ്റ്റേഷൻ ഹൗസ് ഓഫീസർ ജി.പ്രദീപ്കുമാറിന്റെയും എസ്.ഐ മുഹ്സിൻ മുഹമ്മദിന്റെയും നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു