കിളിമാനൂർ: സംസ്ഥാനപാതയിൽ കിളിമാനൂർ തട്ടത്തുമല മണലേത്തുപച്ചയിൽ സെയിൽസ് വാൻ അപകടത്തിപ്പെട്ട് ഡ്രൈവർ മരണപ്പെട്ടു. മടവൂർ പുലിയൂർക്കോണം എലികുന്നാംമുകൾ റോഡരികത്തുവീട്ടിൽ നിസാമുദ്ദീൻ-ഷീബ ദമ്പതിമാരുടെ മകൻ ഷിബിൻ (27) ആണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു.തങ്കക്കല്ല് കൈതോട് കുന്നത്തുവീട്ടിൽ ജീഷു എസ്. ജോഷി (26), കൈതോട് സ്വദേശി ആസിഫ് (28) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകീട്ട് അഞ്ചര മണിയോടെയാണ് സംഭവം. തങ്കക്കല്ലിൽ പ്രവർത്തിക്കുന്ന കുന്നത്ത് സോഡാ ഫാക്ടറിയിൽനിന്നുള്ള കാലിക്കുപ്പികളുമായി തട്ടത്തുമലയിൽനിന്ന് കിളിമാനൂരിലേക്കു വരുകയായിരുന്ന വാഹനം. ഓവർടേക്ക് ചെയ്തു വന്ന മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ ആയിരുന്നു അപകടമെന്നാണ് റിപ്പോർട്ട്. നിയന്ത്രണം വിട്ട ഡെലിവറി വാൻ റോഡിന്റെ വശത്തുള്ള സൂചന ബോർഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
വാഹനത്തിൽ കുരുങ്ങിക്കിടന്ന ഷിബിനെ വെഞ്ഞാറമൂടുനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷിബിനെ രക്ഷിക്കാനായില്ല. മൃതദേഹം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. തിങ്കളാഴ്ച സംസ്കരിക്കും. ഡിവൈഎഫ്ഐ പുലിയൂർക്കോണം യൂണിറ്റ് മുൻ സെക്രട്ടറിയാണ് മരിച്ച ഷിബിൻ. ഏക സഹോദരൻ ഷെഹിൻ.