പെരിങ്ങമ്മല: അപ്പൂപ്പനെ ചെറുമകൻ കുത്തിക്കൊന്നു. പെരിങ്ങമ്മല ഇടിഞ്ഞാർ മയിലാടുംകുന്നിൽ ആർ.രാജേന്ദ്രൻ കാണി (58,ഗോവിന്ദൻ) ആണ് മരിച്ചത്. രാജേന്ദ്രനെ കുത്തിവീഴ്ത്തിയശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ചെറുമകൻ സന്ദീപിനെ (28) നാട്ടുകാർ പിടികൂടി പാലോട് പൊലീസിനു കൈമാറി.
ഇന്നലെ വൈകിട്ട് 5.20ന് ഇടിഞ്ഞാർ ജംഗ്ഷനിലാണ് സംഭവം.റോഡിൽവച്ചുണ്ടായ കയ്യേറ്റത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച രാജേന്ദ്രനെ പിന്തുടർന്നെത്തി സന്ദീപ് കുത്തിവീഴ്ത്തി. നെഞ്ചിൽ ആഴത്തിലേറ്റ രണ്ടു മുറിവുകൾമൂലം തത്ക്ഷണം രാജേന്ദ്രൻ മരിച്ചു.പാലോട് പൊലീസും ആംബുലൻസും സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി സന്ദീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
രാജേന്ദ്രന്റെ ഭാര്യ വസന്ത 6 മാസം മുമ്പ് പാലോടുവച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരണപ്പെട്ടിരുന്നു. ഇതിനുശേഷം രാജേന്ദ്രൻ വാടകമുറിയെടുത്ത് താമസിക്കുകയായിരുന്നു. ഇൻഷ്വറൻസ് തുകയ്ക്കുള്ള ക്ലെയിം നടപടികൾക്കിടെ സന്ദീപ് രാജേന്ദ്രനുമായും മറ്റു ബന്ധുക്കളുമായും വഴക്കിടുന്നത് പതിവായിരുന്നു. ഇത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.
യുവാവ് കഞ്ചാവിന് അടിമയാണെന്നും ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.ഇയാൾക്ക് ഭാര്യയും ഒരു കുഞ്ഞുമുണ്ട്. രാജേന്ദ്രൻ വനംവകുപ്പിലെ നൈറ്റ് വാച്ചറാണ്.