ആറ്റിങ്ങൽ : വിവാഹത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. ആറ്റിങ്ങൽ വാസുദേവപുരം അശ്വതി ഭവനിൽ കൃഷ്ണന്റെ മകൻ കെ.അജിത്ത് (28), കൊട്ടാരക്കര നീലേശ്വരം കളപ്പില താഴേതിൽ വീട്ടിൽ കെ.എസ്.വിനോദ് കുമാറിന്റെ മകൻ വി.എസ്.വിജിൽ കുമാർ (26), സുഹൃത്തായ മലപ്പുറം കോട്ടപ്പുറം വളാഞ്ചേരി കുന്നുകുഴിപ്പറമ്പിൽ വിശ്വനാഥന്റെ മകൻ വി.സഞ്ജയ് (21) എന്നിവരാണ് മരിച്ചത്. പട്ടാമ്പി പള്ളിപ്പടി കൊഴിഞ്ഞിപ്പറമ്പിൽ വീട്ടിൽ ശശീന്ദ്രന്റെ മകൻ എസ്.അക്ഷയ്ക്ക് (23) പരിക്കേറ്റു. ഇദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. നീലേശ്വരത്ത് ഒരു വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയ ആള്‍ക്കാരായിരുന്നു അപകടത്തില്‍പെട്ടത്. വിവാഹ വീട്ടിലെത്തിയ യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളില്‍ ഒരെണ്ണം എതിരെ വന്ന ബുള്ളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട സ്ഥലത്ത് തന്നെ മൂന്നുപേരും മരിച്ചു.
ഗാർഡനിംഗ് ബിസിനസ് നടത്തിവരികയായിരുന്നു അജിത്ത്. മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കൊട്ടാരക്കര പൊലീസ് കേസെടുത്തു.