കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ വിദ്യാർത്ഥികളും അധ്യാപകരും കൈകോർത്തപ്പോൾ പിറന്നത് നാൽപ്പതിനം സസ്യങ്ങളുള്ള ജൈവവൈവിധ്യ തുരുത്ത്.
ഹരിത കേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയിൽ മികച്ച മാതൃക തീർത്ത് ആറ്റിങ്ങൽ ഗവൺമെൻറ് മോഡൽ ബോയ്സ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ.
സ്കൂൾ വളപ്പിൽ തരിശായിക്കിടന്ന സ്ഥലത്ത് നിർമ്മിച്ച ‘നിറവ്’ എന്ന് പേരിട്ട പച്ചത്തുരുത്തിനാണ്, കാര്യക്ഷമവും മാതൃകാപരവുമായ നടത്തിപ്പിന് മുഖ്യമന്ത്രിയുടെ പച്ചത്തുരുത്ത് ജില്ലാതല പുരസ്കാരവും ഒന്നാം സ്ഥാനവും ലഭിച്ചത്.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രാദേശിക പ്രതിരോധ മാതൃകകൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിത കേരളം മിഷൻ പച്ചത്തുരുത്ത് ക്യാമ്പയിൻ വിഭാവനം ചെയ്തത്. ഈ ലക്ഷ്യം നെഞ്ചേറ്റി, സ്കൂളിലെ ഏഴ് സെൻറ് തരിശുഭൂമിയിലാണ് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി മനോഹരമായ ജൈവവൈവിധ്യ ഉദ്യാനം പിറന്നത്. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ സാങ്കേതിക സഹായവും ഹരിത കേരളം മിഷന്റെ നേതൃത്വവും ഈ ഉദ്യമത്തിന് കരുത്തേകി.
വംശനാശഭീഷണി നേരിടുന്ന സസ്യങ്ങൾ ഉൾപ്പെടെ നാൽപ്പതോളം ഇനം സസ്യങ്ങളാണ് ഈ ഹരിത തുരുത്തിലുള്ളത്. ഫലവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, കുറ്റിച്ചെടികൾ, വള്ളിച്ചെടികൾ എന്നിവയാൽ സമ്പന്നമായ ‘നിറവ്’, പട്ടണത്തിന് നടുവിലൊരു ജൈവവൈവിധ്യ കലവറയായി മാറിക്കഴിഞ്ഞു. പച്ചത്തുരുത്തിന്റെ നിർമ്മാണത്തിൽ ഒതുങ്ങാതെ, അതിന്റെ കൃത്യമായ പരിപാലനവും സംരക്ഷണവും വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് പൂർണ്ണമായി നിർവഹിക്കുന്നത്.
നഗരമധ്യത്തിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെ ഒരു ഹരിത മാതൃക സൃഷ്ടിക്കാൻ കഴിഞ്ഞത് മറ്റു സ്ഥാപനങ്ങൾക്കും പ്രചോദനമാവുകയാണ്. ഈ മാതൃകാപരമായ ഉദ്യമമാണ് ഗവൺമെൻറ് മോഡൽ വി & എച്ച് എസ് എസ് ആറ്റിങ്ങലിനെ ഒന്നാം സ്ഥാനത്തിനും മുഖ്യമന്ത്രിയുടെ ജില്ലാതല പുരസ്കാരത്തിനും അർഹമാക്കിയത്.