അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ പ്രൈമറി വിഭാഗത്തിൽ നടപ്പിലാക്കിയ ‘ഹരിതകൂടാരം’ പദ്ധതിയുടെ ഭാഗമായി കുട്ടികൾ കൃഷി ചെയ്തുണ്ടാക്കിയ ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം സംഘടിപ്പിച്ചു.
ഈ പദ്ധതി പ്രകാരം കുട്ടികൾക്ക് വിതരണം ചെയ്ത പച്ചക്കറി വിത്തുകൾ അവർ വീട്ടിൽ നട്ടുവളർത്തുകയും അതിൽ നിന്ന് ഉണ്ടായ വിളവ് സ്കൂളിൽ എത്തിച്ചാണ് വിപണി ഒരുക്കിയത്. സ്കൂൾ പി.റ്റി.എ. പ്രസിഡൻ്റും നഗരസഭ കൗൺസിലറുമായ ആർ.എസ്. അനൂപ് വിപണനോദ്ഘാടനം നിർവ്വഹിച്ചു.
വീട്ടിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതി നു വേണ്ടി നടപ്പിലാക്കിയതാണ് ഹരികൂടാരം പദ്ധതി. 150 ൽ അധികം വീടുകളിലാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. സ്കൂളിൽ നിന്ന് ലഭ്യമാക്കിയ ഗുണമേന്മയുള്ള വിത്തിനങ്ങൾ കുട്ടികൾ നട്ടുനനച്ച് വളർത്തിയാണ് ഇപ്പോൾ വിപണനോദ്ഘാടനത്തിൽ എത്തിയത്.
വളർച്ചയുടെ ഘട്ടങ്ങൾ കുറിപ്പുകളാക്കി മാറ്റാനുള്ള നിർദ്ദേശം കൂടിയായപ്പോൾ കുട്ടികളുടെ നിരീക്ഷണ പാടവവും വർദ്ധിച്ചു എന്ന് അധ്യാപകർ വിലയിരുത്തുന്നു. അധ്യാപകരായ സാബു നീലകണ്ഠൻ, ജെ. രാജേഷ്, പി.എസ്. ജൂലി, എസ്. കാവേരി, എം. എസ്. ജസ്ന, ആർ.എസ്. റീജറാണി, ശരണ്യ ദേവ്, എം.എസ്. ശ്രീലേഖ, രാഖി രാമചന്ദ്രൻ, ദീപാറാണി എന്നിവർ പങ്കെടുത്തു.