കല്ലമ്പലം : സെപ്റ്റംബർ 15ന് ചത്താൻപാറയിൽ വെച്ചു ഇരുചക്ര വാഹനത്തിന് പിന്നിൽ മത്സ്യം കയറ്റിവന്ന ലോറി ഇടിച്ചു മരണത്തിനു കീഴടങ്ങിയ ചിറയിൻകീഴ് മുസ്‌ലിയാർ എഞ്ചിനിയറിങ് കോളേജ് മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയും കടുവയിൽ സൗഹൃദ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ സജീവ പ്രവർത്തകനും ആയിരുന്ന തോട്ടയ്ക്കാട് നൂർ മഹല്ലിൽ മുഹമ്മദ് യാസീന്റെ അകാലവിയോഗത്തെ തുടർന്നു നടത്തിയ അനുസ്മരണ യോഗം സദസ്സിലെ പലരുടെയും കണ്ണുകൾ ഈറനണിയിച്ചു.
കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് & പാലിയേറ്റീവ് കെയർ യൂണിറ്റിൽ വെച്ചു നടന്ന അനുശോചനയോഗത്തിൽ മണമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ. നഹാസ്, മുസ്‌ലിയാർ എഞ്ചിനിയറിങ് കോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം അഡ്വൈസർ വികാസ്, കെ. ടി. സി. ടി. ഹൈസ്കൂൾ അധ്യാപിക നിഷ, കടുവയിൽ ഖുവ്വത്തുൽ ഇസ്ലാം മദ്രസ സീനിയർ അദ്ധ്യാപകൻ അബൂബക്കർ മൗലവി, യാസീന്റെ സഹപാഠികളായ ഷൈൻ ഷാഹ്, അമീൻ, സൗഹൃദ ഭാരവാഹികളായ ഖാലിദ് പനവിള, രാധാകൃഷ്ണ കുറുപ്പ് എന്നിവർ യാസീനുമായുള്ള ഓർമ്മകൾ പങ്കിടുകയും അദ്ദേഹത്തിന്റെ അകാലവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയും പരേതന്റെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഉണ്ടായ നികത്താനാകാത്ത നഷ്ടം സഹിക്കുന്നതിനുള്ള കഴിവ് നൽകുവാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുകയും ചെയ്തു.