കടയ്ക്കാവൂർ : മണനാക്ക് ഓട്ടോ സ്റ്റാൻഡിൽ നിന്നും ഓട്ടം വിളിച്ച ഓട്ടോഡ്രൈവറെ ആളില്ലാത്ത സ്ഥലത്ത് വച്ച് വാളു കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രണ്ടുപേർ കടയ്ക്കാവൂർ പോലീസിന്റെ പിടിയിലായി. കിഴുവിലം പ്ലാകോട്ടുകോണം ചരുവിള വീട്ടിൽ രവീന്ദ്രന്റെ മകൻ കണ്ണപ്പൻ എന്ന് വിളിക്കുന്ന രതീഷ് (38), എകെ നഗർ പുന്നയ്ക്ക തോപ്പിൽ തുളസീധരന്റെ മകൻ അനൂപ്( 29) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ മണനാക്കിൽ എത്തിയ സംഘം മണനാക്ക് ഓട്ടോ സ്റ്റാൻഡിൽ നിന്നും ഓട്ടം വിളിക്കുകയായിരുന്നു. സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ ഷാക്കിറിനോട് ഏലാപ്പുറം വരെ പോകണം എന്ന് പറഞ്ഞു ഓട്ടോയിൽ കയറിയ രണ്ടുപേർ മണനാക്ക് ജംഗ്ഷൻ തിരഞ്ഞ് ആളില്ലാത്ത സ്ഥലത്ത് എത്തിയപ്പോൾ ഡ്രൈവറോട് പണം ആവശ്യപ്പെടുകയായിരുന്നു. കയ്യിൽ പണമില്ല എന്ന് പറഞ്ഞ ഡ്രൈവറെ വാളു കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഡ്രൈവർ ഉടൻതന്നെ വാള് തട്ടിമാറ്റി ഓട്ടോയിൽ നിന്ന് ഇറങ്ങി ഓടുകയും നിലവിളിക്കുകയും ചെയ്തു. തുടർന്ന് അവിടെ ഓടിക്കൂടിയ ആളുകൾ ആക്രമികളെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ആളുകൾ ഓടിക്കൂടിയപ്പോൾ സിനിമയിലെ പോലെ പണം റോഡിലേക്ക് എറിഞ്ഞ് ആളുകളുടെ ശ്രദ്ധ അതിലേക്കു തിരിച്ച് രക്ഷപ്പെടാൻ പ്രതികൾ ശ്രമം നടത്തിയെങ്കിലും മണനാക്ക് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ ചേർന്ന് പ്രതികളെ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് അവിടെ എത്തിയ പോലീസ് പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും പ്രതികളെ പരിശോധിച്ചപ്പോൾ ഒരു വാളും 32,000 രൂപയും പിടിച്ചെടുക്കുകയും ചെയ്തു. അന്വേഷണത്തിൽ പ്രതികൾക്കെതിരെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ മോഷണം, കൊലപാതകം, പിടിച്ചുപറി കേസുകളിൽ പ്രതിയാണ് എന്ന് വ്യക്തമായി. അടുത്തിടെ വെഞ്ഞാറമൂട്ടിൽ നിന്ന് 38 പവൻ സ്വർണം മോഷ്ടിച്ച കേസിലെ പ്രതികളാണിവർ. കയ്യിൽ നിന്നു കിട്ടിയ പണം വെഞ്ഞാറമൂട്ടിൽ നിന്നും മോഷ്ടിച്ച സ്വർണം വിറ്റ് കിട്ടിയ പണം ആണെന്ന് രതീഷ് പോലീസിൽ മൊഴി നൽകി.പ്രതികളെ കോടതിയിൽ ഹാജരാക്കി.