വെഞ്ഞാറമൂട്: നിരവധി മോഷണക്കേസുകളിലെ പ്രതികളായ 2പേർ വെഞ്ഞാറമൂട് പൊലീസിന്റെ പിടിയിലായി.
കോട്ടയം പൂവരണി വീട്ടിൽ പൂവരിണി ജോയ് എന്ന ജോയ്(57), അടൂർ പറക്കോട് കല്ലിക്കോട് പടിഞ്ഞാറ്റതിൽ വീട്ടിൽ തുളസീധരൻ(48) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 14ന് കളമച്ചൽ പാച്ചുവിളാകം ക്ഷേത്രത്തിൽ നിന്നും ദേവിക്ക് ചാർത്തുന്ന പൊട്ടുകളും വളകളും താലിയും സി.സി.ടി.വിയുള്ള ക്ഷേത്രത്തിൽ നിന്ന് ഡി.വി.ആറെന്ന് തെറ്റിദ്ധരിച്ച് ഇൻവെർട്ടറും മോഷ്ടിച്ച കേസിന്റെയും 18ന് വേറ്റൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകോവിലും ഓഫീസ് മുറിയും കുത്തിത്തുറന്ന് 3,500 രൂപ കവർന്ന കേസിന്റെയും അന്വേഷണത്തിനിടെയാണ് ഇരുവരും പിടിയിലായത്.
പ്രതികളെ സംബന്ധിച്ച് പൊലീസ് പറയുന്നത്, ഒന്നാം പ്രതി ജോയ് കേരളത്തിലെ ജില്ലകളിലായി 160 കേസുകളിലും രണ്ടാംപ്രതി പത്തനംതിട്ട,കൊല്ലം,തിരുവനന്തപുരം ജില്ലകളിലായി 30ൽപ്പരം കേസുകളിലെയും പ്രതികളാണ്.വേറ്റൂർ ക്ഷേത്രത്തിലെ മോഷണം കഴിഞ്ഞ് വെഞ്ഞാറമൂട് പാറയിൽ ആയിരവില്ലി ക്ഷേത്രത്തിലെത്തി കാണിക്കവഞ്ചി തകർത്ത ശേഷം പുലർച്ചെ രണ്ടരയോടെ കാരേറ്റ് ദേവസ്വം ബോർഡ് ക്ഷേത്രത്തിലെത്തി അവിടെനിന്ന് 12,000 രൂപയും കവർന്നു.
കഴിഞ്ഞ ഒരു മാസക്കാലമായി കിളിമാനൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിനടുത്ത് വീട് വാടകയ്ക്കെടുത്ത് തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട ഭാഗങ്ങളിൽ സ്കൂട്ടറിൽ കറങ്ങി മോഷണം നടത്തി വരികയായിരുന്നു.ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ഒരു വർഷത്ത ജയിൽശിക്ഷ കഴിഞ്ഞ ജോയ് പാലക്കാട് ജയിലിൽ നിന്നും, മെയിൽ കൊട്ടാരക്കര ജയിലിൽ നിന്ന് തുളസീധരനും പുറത്തിറങ്ങിയത്.
കാരേറ്റ്, വേറ്റൂർ ക്ഷേത്രങ്ങളിലെ മോഷണദൃശ്യങ്ങൾ സി.സി.ടി.വിയിൽ നിന്ന് ലഭിച്ചതും സമീപകാലത്തായി ജയിൽ മോചിതരായവരെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ നിന്നുമാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് തുളസീധരനെ കിളിമാനൂരിൽ നിന്നും ഇയാളുടെ ഫോണിൽ നിന്ന് ജോയിയെ വിളിച്ച് വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെത്തിച്ച ശേഷം ഇവിടെനിന്ന് പിടികൂടുകയായിരുന്നു.
തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി സുദർശനന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ചുലാലിന്റെ നേതൃത്വത്തിൽ വെഞ്ഞാറമൂട് എസ്.എച്ച്.ഒ ആസാദ് അബ്ദുൽകലാം,എസ്.ഐ.മാരായ ഷാൻ,സജിത്ത്,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അജി,പ്രസാദ്,സിയാസ്,ശ്രീകാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി