കുറ്റിച്ചൽ: 155 കിലോ ചന്ദനത്തടിക്കഷണങ്ങളുമായി അഞ്ചുപേരെ കുറ്റിച്ചൽ പരുത്തിപ്പള്ളി വനം വകുപ്പ് അധികൃതർ കസ്റ്റഡിയിലെടുത്തു. നാലു പേരെ സംഭവസ്ഥലത്തുനിന്നും പ്രധാന പ്രതിയെ തമിഴ് നാട്ടിൽ നിന്നുമാണ് വനവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.
കൊല്ലം ഉമയനല്ലൂർ ഷെബി കോട്ടേജിൽ ഷഫീഖ്, തമിഴ് നാട് മേക്കാമണ്ഡപം മാറാംകോണം നെഹേമിയ, തെന്മല ഒറ്റക്കൽ നജീബ് മൻസലിൽ നജീബ് മസൂദ്, നെയ്യാറ്റിൻകര കുന്നത്തുകാൽ ശ്രീജ ഭവനിൽ ബിജു കുമാർ എന്നിവരെയാണ് പിടി കൂടിയത്.
പ്രധാന പ്രതിയായ നെയ്യാറ്റിൻകര മഞ്ചവിളാകം തട്ടിയൂർ മേപ്പാങ്കോട് പുന്നമൂട് വിഷ്ണുവിലാസത്തിൽ ജയകുമാറിനെയും സംഘം തമിഴ്നാട്ടിൽ മാർത്താണ്ഡം കരിങ്കല്ലിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം, കോവളം സമുദ്ര ബീച്ചിനു സമീപം ചന്ദനകച്ചവടം നടക്കുന്നുവെന്നു ഫോറസ്റ്റ് ഇൻ്റലിജൻസ് വിഭാഗത്തിനു വിവരം ലഭിച്ചതനുസരിച്ചാണു പരുത്തിപ്പള്ളി റെയിഞ്ച് ഉദ്യോഗസ്ഥരും തിരുവനന്തപുരം ഫ്ളൈയിംഗ് സ്ക്വാഡ് റെയിഞ്ച് ഉദ്യോഗസ്ഥരും സംയു ക്തമായി പരിശോധന നടത്തിയത്.
155 കിലോ ഗ്രാം ചന്ദനത്തടികഷ്ണങ്ങളും ഇവ കടത്താൻ ഉപയോഗിച്ച ഒരു കാറും രണ്ടു സ്കൂട്ടറുകളും ഉൾപ്പെടെ യാണ് വനംവകുപ്പ് പിടിച്ചെടുത്തത്. തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിൽ നിന്നും അനധി കൃതമായി ചന്ദനച്ചെടികൾ മുറിച്ചെടുത്ത് ഇവ തലസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലേക്കും കടത്തിയാണു സംഘം വില്പന നടത്തുന്നത്. പ്രതികളെ വനം കോടതിയിൽ ഹാജരാക്കും.
പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ ശ്രീജു, എസ്എ ഫ്ഒ കെ.പി. പ്രദീപ് കുമാർ, എസ്എഫ്ഒ അനു കൃഷ്ണൻ, എസ്എഫ്ഒ മുഹമ്മദ് നൗഷാദ്, ബി എഫ്ഒമാരായ വിനോദ് കുമാർ, മനു ചന്ദ്രൻ, ജിഷ്ണു, മുകേഷ്, റിസർവ് വാച്ചർ പ്രദീപ് കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.