കടയ്ക്കാവൂർ : കടയ്ക്കാവൂരിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു. കടയ്ക്കാവൂർ എസ് .എസ് .പി .ബി .എച്ച്. എസ്. ആറാം (ബി)ക്ലാസ് വിദ്യാർത്ഥിനി കായിക്കര എറത്ത് പടിഞ്ഞാറ് ജോൺപോൾ, പ്രഭന്ധ്യ ദമ്പതികളുടെ മൂത്ത മകൾ സഖി (പൂമ്പാറ്റ) (11) ആണ് മരണപ്പെട്ടത്.
ഇന്ന് വൈകിട്ട് മൂന്നര മണിയോടെയായിരുന്നു സംഭവം, കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച് സ്കൂളിലെ പി.റ്റി.എ മീറ്റിംഗ് കഴിഞ്ഞ് പിതാവ് ഓടിച്ച ഓട്ടോറിക്ഷയിൽ തിരികെ വീട്ടിലേക്ക് മടങ്ങവേ കടയ്ക്കാവൂർ ഓവർബ്രിഡ്ജ് പ്രഭാത് ജംഗ്ഷന് സമീപത്തു വെച്ചാണ് അപകടം സംഭവിച്ചത്.
അച്ഛൻ ജോൺപോൾ ആറ്റിങ്ങൽ മത്സ്യക്കച്ചവടത്തിന് സവാരിപോയി മടങ്ങി വരവേ സ്‌കൂളിന് മുന്നിൽ നിന്നും ഭാര്യയേയും മകളേയും കൂട്ടി വരവേ, തെരുവ് നായ്ക്കൾ കുറുകേ ചാടുകയായിരുന്നു. ഇതോടെ, നിയന്ത്രണം തെറ്റിയ ഓട്ടോ മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതര പരുക്ക് പറ്റിയവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.അപകടത്തിൽ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും പരിക്കുപറ്റി.
കുട്ടിയുടെ മൃതദേഹം നടപടിക്രമങ്ങൾക്കായ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. കടയ്ക്കാവൂർ തെക്കുംഭാഗം എസ്.ആർ.വി എൽ.പി സ്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി സഞ്ജു (8) സഹോദരനാണ്.