കല്ലമ്പലം : കല്ലമ്പലത്ത് മോഷണ വാഹനത്തിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി നാല് പേർ പിടിയിൽ. പ്രതികളിൽ നിന്നും മാരകായുധങ്ങളും പോലീസ് കണ്ടെടുത്തു.
കല്ലമ്പലത്ത് നിന്നും മോഷണം പോയ ഇന്നോവ കാറാണ് പോലീസ് പിടികൂടിയത്. വാഹനം കല്ലമ്പലം ഭാഗത്ത് ഉണ്ടെന്ന് വാഹന ഉടമ തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് കല്ലമ്പലം പോലീസ് വിവിധ ഇടങ്ങളിൽ നടത്തിയ വാഹന പരിശോധനക്കിടെ കല്ലമ്പലം വെയിലൂർ ഭാഗത്തു വച്ച് വാഹനം കൈകാണിച്ച് നിർത്താൻ ശ്രമിച്ച പോലീസുദ്യോഗസ്ഥരെ വെട്ടിച്ചു കടന്ന വാഹനം ആലംകോട് ഭാഗത്തു വച്ച് പോലീസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു.
നഗരൂർ വെള്ളല്ലൂർ സ്വദേശിയായ അർജുൻ തിരുവനന്തപുരം ബീമാപള്ളി സ്വദേശികളായ അരുൺ, അബ്ദുള്ള, വെട്ടുകാട് സ്വദേശി അനൂപ് എന്നിവരാണ് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നത്. പോലീസ് ഇവരെ ദേഹ പരിശോധന നടത്തിയപ്പോഴാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 14 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. തുടർന്ന് വാഹനം പരിശോധിച്ചപ്പോൾ ഇറച്ചി വെട്ടുകാർ ഉപയോഗിക്കുന്ന വെട്ടുകത്തിയും കഠാരയും കണ്ടെടുത്തു. ഒന്നാം പ്രതിയായ അർജുൻ വലിയതുറ, നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനുകളിലും രണ്ടാം പ്രതിയായ അനൂപ് വലിയതുറ, കഠിനംകുളം പോലീസ് സ്റ്റേഷനുകളിലും മൂന്നാം പ്രതിയായ മാടൻ അരുൺ എന്നു വിളിക്കുന്ന അരുൺ വലിയതുറ സ്റ്റേഷനിലും നിരവധി കേസ്സുകളിൽ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ്ചെയ്തു.
പ്രതികളിൽ നിന്നും കണ്ടെത്തിയ എംഡിഎംഎയുടെ ഉറവിടത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് കല്ലമ്പലം എസ് എച്ച് ഓ പ്രൈജു. ജി അറിയിച്ചു. എസ് ഐ മാരായ സുനിൽകുമാർ, ഹരി, എ എസ് ഐ മാരായ ഇർഷാദ്, സുലാൽ സി പി ഒ മാരായ അനീഷ്, സുജീഷ്, സാജിർ, ഷിജാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.