വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കുന്ന സ്കൂൾ കലോത്സവത്തിന് ഉജ്ജ്വല തുടക്കം. പ്രശസ്ത നാടക-ചലച്ചിത്ര സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ. പ്രമോദ് പയ്യന്നൂർ രണ്ടുദിവസം നീണ്ടുനിൽക്കുന്ന കലാമാമാങ്കം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് സന്തോഷ് അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർമാൻ തുളസീധരൻ പിള്ള മുഖ്യാതിഥിയായി പങ്കെടുത്തു. പ്രിൻസിപ്പാൾ ജവാദ് എസ് സ്വാഗതമാശംസിച്ചു.
ആറ്റിങ്ങൽ നഗരസഭ കൗൺസിലർ സുജി.എസ്, വൈസ് പ്രിൻസിപ്പൽ കെ. അനിൽകുമാർ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ഹസീന, എസ്.എം.സി. ചെയർമാൻ ആദേഷ്. പി, എം.പി.ടി.എ പ്രസിഡൻ്റ് സൗമ്യ എൽ, സ്കൂൾ കലോത്സവ കൺവീനർ കിരൺകുമാർ സ്കൂൾ ലീഡർ ആൽബിൻ ജോയ് സ്കൂൾ ആർട്സ് ക്ലബ് സെക്രട്ടറി ശ്രീലക്ഷ്മി എസ് ജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ ചെയർപേഴ്സൺ അവന്തിക എസ് നായർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
മൂന്ന് വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത്. കലോത്സവത്തിൻ്റെ ആദ്യ ദിനം 21 മത്സര ഇനങ്ങൾ വിജയകരമായി പൂർത്തിയാക്കി. രണ്ടാം ദിനത്തിൽ നൃത്ത ഇനങ്ങൾ, ദേശഭക്തിഗാനം, മിമിക്രി, മോണോ ആക്ട്, ദഫ് മുട്ട് തുടങ്ങിയ ആകർഷകമായ മത്സരങ്ങൾ നടക്കും. വിദ്യാർത്ഥികളുടെ സർഗ്ഗാത്മക വാസനകളെ പരിപോഷിപ്പിക്കാനും കലാരംഗത്ത് പുതിയ പ്രതിഭകളെ കണ്ടെത്താനും ഈ കലോത്സവം സഹായകമാകുമെന്ന് ഉദ്ഘാടകൻ ഡോ. പ്രമോദ് പയ്യന്നൂർ അഭിപ്രായപ്പെട്ടു.