കിളിമാനൂർ : സംസ്ഥാനപാതയിൽ കാരേറ്റിനു സമീപം ഉണ്ടായ അപകടത്തിൽ അധ്യാപകൻ മരിച്ചു. ഇളമ്പ സ്കൂളിലെ അധ്യാപകൻ പോത്തൻകോട് വാവറ അമ്പലം മാർക്കറ്റ് റോഡിൽ നിസരി വീട്ടിൽ സുനിൽകുമാർ (54) ആണ് മരിച്ചത്. ഇദ്ദേഹം നിലവിൽ മടവൂർ ചാലാം കോണം ഗീതാ ഭവനിൽ ആണ് താമസിക്കുന്നത്.
വൈകുന്നേരം 7 മണിയോടെയായിരുന്നു അപകടം. സുനിൽകുമാർ ബൈക്കിൽ കിളിമാനൂരിൽ നിന്നും കാരേറ്റ് ഭാഗത്തേക്ക് പോകുമ്പോൾ വഴിയാത്രക്കാരൻ സെൽവൻ റോഡിന് കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ റോഡിൽ വീണ സുനിൽകുമാറിന്റെ ദേഹത്ത് കാരേറ്റ് നിന്നും കിളിമാനൂരിലേക്ക് വരികയായിരുന്ന കാർ ഇടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: പ്രീത( അധ്യാപിക മടവൂർ ഗവ എൽപിഎസ്) മൂന്ന് മക്കളുണ്ട്. കിളിമാനൂർ പോലീസ് കേസെടുത്തു.