വർക്കല: ഇടവ വെൺകുളം മരക്കടമുക്ക് സ്വദേശിയായ 34 കാരിക്കാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്.
യുവതി നാല് ദിവസം മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കഴിഞ്ഞദിവസം വന്ന പരിശോധനാ റിപ്പോർട്ടിലാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതെന്ന് ഇടവ ആരോഗ്യ വിഭാഗം അറിയിച്ചു. രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല. യുവതി കഴിഞ്ഞ ദിവസങ്ങളിലൊന്നിലും കുളത്തിലോ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിച്ചിട്ടില്ലെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. യുവതിയുടെ വീട്ടിൽ കിണർ ഇല്ലാത്തതിനാൽ പൂർണമായും പൈപ്പ് ലൈൻ വെള്ളം മാത്രമാണ് ഉപയോഗിക്കുന്നതെന്നും റിപ്പോർട്ട്.
കഴിഞ്ഞ ദിവസം ആറ്റിങ്ങലിലും ഒരാൾക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ഇക്കൊല്ലം ഇതുവരെ 15 പേർക്കാണ് മസ്തിഷ്കജ്വരം ബാധിച്ചത്.