നെടുമങ്ങാട്: മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയ രണ്ടംഗസംഘം ചുള്ളിമാനൂരിൽ പിടിയിലായി. പൂ ന്തുറ സ്വദേശികളായ അൻവർ (39), നാസറുദീൻ (45) എന്നിവരെ വലിയമല പൊലീസാണ് അറസ്റ്റ് ചെയ്ത്. തിങ്കളാഴ്ച ഉച്ചക്ക് ചുള്ളിമാനൂരിലെ സ്വകാര്യ സ്വർണ പ്പണയ ഇടപാട് സ്ഥാപനത്തിൽ വ്യാജ വളയുമായി പണയംവെക്കാനെത്തിയ അൻവർ ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ ഓടിമറഞ്ഞു
12.06 ഗ്രാം വളയാണ് ഇയാൾ കൊണ്ടുവന്നത്. സംശയം തോന്നിയ ജീവനക്കാർ പണം എടുക്കാനെന്ന പേരിൽ സമീപത്തെ ജൂവലറി ഷോപ്പിൽ വള പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോൾ അൻവർ നാട്ടുകാരെ വെട്ടിച്ച് മുങ്ങുകയായിരുന്നു.
സെപ്റ്റംബറിൽ മൂന്നുതവണ ഇയാൾ ഇതേ സ്ഥാപനത്തിൽ നിന്ന് 2.49 ലക്ഷംരൂപ പണയ തുക കൈപ്പറ്റിയിരുന്നുവെന്ന് സ്ഥാപനയുടമ പൊലീസിനോട് പറഞ്ഞു. ഇയാളുടെ കൂട്ടാളി നാസറുദീനും മുക്കുപണ്ടം വെച്ച് 49,000 രൂപ തട്ടിച്ചു. പണയ ഉരുപ്പടികൾ വിശദമായി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് സ്ഥിരീകരിച്ചതെന്ന് സ്ഥാപനയുടമ പറഞ്ഞു. ചുള്ളിമാനൂരിൽ വാടകക്ക് താമസിച്ച് പരിചയക്കാരുടെ പേരുപറഞ്ഞാണ് പണയം വെക്കാൻ എത്തുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.