കിളിമാനൂർ: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെ ലോഡ്ജിലെത്തിച്ചു പീഡിപ്പിക്കുകയും തുടർന്ന് വിദേശത്തും നിരന്തരം ശല്യം ചെയ്യുകയും ചെയ്ത കേസിൽ യുവാവ് പൊലീസ് പിടിയിൽ. പത്തനാപുരം ഇടത്തറ സ്വദേശി ഷെമീർ (36) ആണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ചിതറ വളവുപച്ച സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. യുവതി കിളിമാനൂരിലെ ഒരു കമ്പ്യൂട്ടർ സ്ഥാപനത്തിൽ പഠിക്കുന്ന സമയത്താണ് ഷെമീറുമായി ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം ആരംഭിച്ചത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്കും നീങ്ങി. 2024 മെയ് 25-ന് ഷെമീർ കിളിമാനൂരിലെത്തിയ ശേഷം യുവതിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവത്തിന് ശേഷം യുവതി പഠനം ഉപേക്ഷിച്ച് വിദേശത്തേക്ക് ജോലി തേടി പോയി. എന്നാൽ ഷെമീർ അവിടെയും എത്തി സുഹൃത്തുക്കളിലൂടെ യുവതിയുടെ താമസസ്ഥലം കണ്ടെത്തി നിരന്തരം ശല്യം തുടർന്നു. ഷെമീറിന്റെ ശല്യം സഹിക്കാനാകാതെ വന്നതോടെ യുവതി നാട്ടിലേക്ക് മടങ്ങി.
തുടർന്ന് തിരുവനന്തപുരത്തെത്തിയ യുവതി കിളിമാനൂർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് ഷെമീറിനെ അറസ്റ്റ് ചെയ്തു. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.