സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ മെച്ചപ്പെട്ടുവെന്ന് ജി. സ്റ്റീഫന്‍ എം.എല്‍.എ. പറണ്ടോട് സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസവകുപ്പ് സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പ്രീ പ്രൈമറി വര്‍ണ്ണകൂടാരത്തിന്റെയും ആര്യനാട് എല്‍പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക സൗകര്യങ്ങളോടെയുള്ള സ്‌കൂള്‍ കെട്ടിടങ്ങള്‍, ലാബുകള്‍, കളിസ്ഥലങ്ങള്‍ തുടങ്ങി പൊതുവിദ്യാലയങ്ങളില്‍ അടിമുടി മാറ്റമാണ് കാണാന്‍ സാധിക്കുന്നത്. പൊതുവിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ചയ്ക്കായി 5000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചിരിക്കുന്നത്. അരുവിക്കര നിയോജകമണ്ഡലത്തില്‍ 25 സര്‍ക്കാര്‍ സ്‌കൂളുകളില്‍ വര്‍ണ്ണകൂടാരം നിര്‍മ്മിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പറണ്ടോട് സ്‌കൂളില്‍ പ്രീ പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ് എസ് കെ വര്‍ണ്ണക്കൂടാരം നടപ്പിലാക്കി വരുന്നത്. 10 ലക്ഷം രൂപയാണ് പദ്ധതിയ്ക്ക് വേണ്ടി വിനിയോഗിച്ചത്. ശിശു സൗഹൃദപരവും ശിശു മനഃശാസ്ത്രപരവുമായ വസ്തുതകള്‍ക്ക് പ്രാധാന്യം നൽകി പുറംകളിയിടം, വരയിടം, ഭാഷായിടം, ഗണിതയിടം, ശാസ്ത്രയിടം, സെന്‍സറി ഇടം, ഇ-ഇടം, കരകൗശലയിടം, അകംകളിയിടം, നിര്‍മാണ ഇടം എന്നിങ്ങനെ 13 ഇടങ്ങളാണ് വിവിധ പ്രവര്‍ത്തന ഇടങ്ങളായി സജ്ജീകരിച്ചിരിക്കുന്നത്.
ആര്യനാട് സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ എസ്.എസ്.കെ ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ വിനിയോഗിച്ചാണ് ആധുനിക സൗകര്യ ങ്ങളോടെയുള്ള പുതിയ കെട്ടിടം നിര്‍മിച്ചത്.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജു മോഹന്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ലാ കോര്‍ഡിനേറ്റര്‍ ബി. നജീബ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസുമാരായ ഷമീമ ബീവി, ശ്രീലേഖ ആര്‍.എസ്, ആര്യനാട് എല്‍.പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സുരേഷ് കുമാര്‍.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.