വികസന നേട്ടങ്ങളിൽ തിളങ്ങി വിളപ്പിലിലെ വികസന സദസ്

Attingal vartha_20251014_210007_0000

സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വികസന നേട്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചും ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ചർച്ച ചെയ്തും വിളപ്പിൽ ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു.

ഐ.ബി. സതീഷ് എംഎൽഎ വികസന സദസ് ഉദ്ഘാടനം ചെയ്തു. ജില്ലയിൽ സമ്പൂർണമായി പട്ടയം ലഭ്യമായ പഞ്ചായത്താണ് വിളപ്പിലെന്നും നിരവധി സാമൂഹ്യ ക്ഷേമ പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞതായും എംഎൽഎ പറഞ്ഞു. സാങ്കേതിക സർവകലാശാല ആസ്ഥാനത്തിന്റെ വരവോടെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് വിളപ്പിൽ പഞ്ചായത്ത്. അഡ്വഞ്ചർ ടൂറിസം അക്കാഡമി പോലുള്ള പദ്ധതികൾ വഴി ടൂറിസം രംഗത്തും സമഗ്ര മാറ്റത്തിന് വഴിയൊരുങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിളപ്പിൽ പഞ്ചായത്തിൽ അതിദാരിദ്ര്യ നിർമാർജ്ജനത്തിന്റെ ഭാഗമായി വിവിധ പദ്ധതികൾ നടത്തി വരികയാണ്. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട 498 പേരിൽ ആദ്യ ഘട്ടത്തിൽ അർഹതപ്പെട്ട 295 പേർക്ക് വീടുകൾ അനുവദിച്ചു. ജനറൽ വിഭാഗത്തിൽപ്പെട്ട 176 പേരിൽ 71 വീടുകൾ പൂർത്തീകരിച്ചു. പട്ടികജാതിയിൽ പെട്ട 43 കുടുംബങ്ങൾക്ക് അനുവദിച്ച വീടുകളിൽ 34 എണ്ണത്തിന്റെ നിർമ്മാണം പൂർത്തിയാക്കി. ഭൂരഹിതരായ പത്ത് പേർക്ക് ഭൂമിയും അനുവദിച്ചു.

ആരോഗ്യ രംഗത്ത് 251 പേർക്ക് പാലിയേറ്റീവ് കെയർ ലഭ്യമാക്കി വരുന്നു. ഇതിൽ 144 പേർ കിടപ്പ് രോഗികളാണ്. വിദ്യാഭ്യാസ മേഖലയിൽ , വിളപ്പിൽശാല യുപിഎസിൽ ഒരു കോടി 30 ലക്ഷത്തിന്റെയും വിളപ്പിൽ എൽപിഎസ് തുരുത്തുമൂല എൽപിഎസ് എന്നിവിടങ്ങളിൽ ഒരു കോടിയുടെയും കെട്ടിടങ്ങൾ പൂർത്തീകരിച്ചു. മൂന്ന് സ്‌കൂളുകളിലും വർണകൂടാരം പദ്ധതിയും നടപ്പിലാക്കി. ട്രൈബൽ സ്‌കൂളിൽ ഒരു കോടി രൂപ ചെലവിൽ പുതിയ കെട്ടിടത്തിന്റെ പണി ഉടൻ ആരംഭിക്കും.

പഞ്ചായത്തിലെ റോഡുകളുടെ നവീകരണവും ഈ കാലയളവിൽ പൂർത്തീകരിക്കാനായി. കാർഷിക മേഖലയിലും പഞ്ചായത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചു. പഞ്ചായത്തിൽ 2 ഹെക്ടറിൽ നെൽകൃഷി നടത്തി വരുന്നു. വാഴ, പച്ചക്കറി, കുരുമുളക്, ഇഞ്ചി, മഞ്ഞൾ എന്നിവ ഒരു ഹെക്ടർ പ്രദേശത്ത് കൃഷി ചെയ്യുന്നുണ്ട്. പഞ്ചായത്തിലെ പ്രധാന കൃഷി നാളികേരമാണ്. 450 ഹെക്ടർ ഭൂമിയിലാണ് നാളികേര കൃഷി നടക്കുന്നത്. ഇത് കൂടാതെ ഒരു ഹെക്ടറിൽ പൂ കൃഷിയും ചെയ്തുവരുന്നു.

ഡിജി കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ 100 ശതമാനം ഡിജിറ്റൽ സാക്ഷരത കൈവരിച്ചു. കുടുംബശ്രീ, ഹരിതകർമ്മസേന, അങ്കണവാടി ജീവനക്കാർ, സാക്ഷരതാ പ്രേരക്, എന്നിവരെ ഉപയോഗിച്ച് നടത്തിയ സർവേയിൽ 7230 പേരെയാണ് പഞ്ചായത്തിൽ ഡിജിറ്റൽ സാക്ഷരത ഇല്ലാത്തവരായി കണ്ടെത്തിയത്. ഇവർക്ക് ഡിജിറ്റൽ സാക്ഷരത നേടുന്നതിനാവശ്യമായ പരിശീലനം നൽകിയാണ് പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്.

സദസ്സിന്റെ ഭാഗമായി നടന്ന ഓപ്പൺ ഫോറത്തിൽ പഞ്ചായത്തിൽ നടപ്പിലാക്കേണ്ട ഭാവി വികസന പ്രവർത്തനങ്ങളെ പറ്റിയുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ഇതിനുപുറമേ സൗജന്യ രോഗ പരിശോധന ക്യാമ്പും പഞ്ചായത്ത് നടപ്പിലാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങളുടെ ഫോട്ടോ പ്രദർശനവും നടന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അജിത് കുമാർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!