പൊതുവിദ്യാഭ്യാസ രംഗത്ത് പിന്നോട്ടില്ലെന്ന പ്രതിജ്ഞയോടെയാണ് നാം മുന്നോട്ടു പോകുന്നതെന്നും സംസ്ഥാനത്ത് വിദ്യാഭ്യാസ കച്ചവടം ഒഴിവാക്കുമെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി.
കേരളം പൊതുവിദ്യാഭ്യാസ മേഖലയെ മുന്നില്‍ നിന്ന് നയിക്കുകയാണ്. സാമൂഹിക നീതി, ഗുണമേന്മ, മികച്ച സാഹചര്യങ്ങള്‍ എന്നിവ കാരണം കേരളത്തിന്റെ വിദ്യാഭ്യാസം ലോകത്തിന് തന്നെ മികച്ച മാതൃകയായെന്നും മന്ത്രി പറഞ്ഞു.
അയിരൂപ്പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍ത്തീകരിച്ച ബഹുനില മന്ദിരവും ഹയര്‍ സെക്കന്‍ഡറി സയന്‍സ് ലാബ് മന്ദിരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളുടേയും പെണ്‍കുട്ടികളുടേയും വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നല്‍ നല്‍കുന്നു. വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല, കായിക രംഗത്തും മികവുറ്റവരാകണം നമ്മുടെ കുട്ടികള്‍. പഠനത്തോടൊപ്പം ഏതെങ്കിലും ഒരു കായിക ഇനത്തില്‍ കൂടി വിദ്യാര്‍ത്ഥികള്‍ പ്രാവീണ്യം നേടണമെന്നും അദ്ദേഹം പറഞ്ഞു
സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി അയിരൂപ്പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 3 കോടി 90 ലക്ഷം രൂപ ചെലവഴിച്ചാണ് ബഹുനില മന്ദിരവും ആധുനിക സൗകര്യങ്ങളുള്ള ഹയര്‍ സെക്കന്‍ഡറി സയന്‍സ് ലാബ് മന്ദിരവും നിര്‍മ്മിച്ചത്. 10 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തീകരിച്ചതാണ് സ്‌കൂളിലെ വര്‍ണ്ണക്കൂടാരം പദ്ധതി.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ആരോഗ്യ മേഖലയ്ക്കാണ് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും പൊതുവിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത നേട്ടങ്ങള്‍ക്കാണ് കഴിഞ്ഞ ഒന്‍പതര വര്‍ഷക്കാലയളവില്‍ കേരളം സാക്ഷ്യം വഹിച്ചതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജലീല്‍ എം, പോത്തന്‍കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ അനില്‍, കില ചീഫ് മാനേജര്‍ ആര്‍. മുരളി, സ്‌കൂള്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.