വെഞ്ഞാറമൂട്ടിൽ ടോറസ് ലോറിയിൽ ഇലക്ട്രിക് ലൈൻ കമ്പി കുടുങ്ങി രണ്ട് പോസ്റ്റുകൾ നിലം പതിച്ചു. വെഞ്ഞാറമൂട് മുക്കുന്നൂർ ചിറവിള ജംഗ്ഷന് സമീപം പന്ത്രണ്ടര മണിയോടെയാണ് സംഭവം.
വെഞ്ഞാറമൂട്ടിൽ മേൽപ്പാലം നിർമാണം നടക്കുന്നതിനാൽ ഇന്ന് മുതൽ പുതിയ ഗതാഗത പരിഷ്കരണങ്ങൾ നടപ്പിലാക്കിയിരുന്നു. വെഞ്ഞാറമൂട് ജംഗ്ഷനിൽ ഹെവി വാഹനങ്ങൾ ഒന്നും കടക്കാൻ പാടില്ലെന്ന് കർശന നിർദേശം ഉള്ളതിനാൽ ഹെവി വാഹനങ്ങൾ ജംഗ്ഷനിൽ എത്താതെ മുക്കുന്നൂർ വഴിയാണ് കടന്നു പോകുന്നത്.
ടോറസ് ലോറി ചിറവിള എത്തിയപ്പോൾ ഇലക്ട്രിക് ലൈൻ കമ്പിയിൽ കുടുങ്ങുകയും ലോറി മുന്നോട്ട് പോയപ്പോൾ ലൈൻ കമ്പി വലിഞ്ഞ് രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ നിലം പതിക്കുകയും ചെയ്തു. ഉടൻ തന്നെ കെ എസ് ഇ ബി ഇടപ്പെട്ട് ലൈൻ ഓഫ് ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി. എന്നാൽ പോസ്റ്റുകൾ റോഡിൽ വീണതിനാൽ പ്രദേശത്ത് വൻ ഗതാഗത തടസ്സമാണ് ഉണ്ടായത്.
വലിയ വാഹനങ്ങൾ വഴി തിരിച്ചു വിടുന്നതിനാൽ ഇട റോഡുകളിൽ ലൈൻ കമ്പികൾ താഴ്ന്നു കിടക്കുന്ന പ്രദേശങ്ങൾ ഉണ്ടെങ്കിൽ ഉടനടി അധികൃതർ ഇടപെട്ടു പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഇട റോഡുകളിൽ വാഹന തടസ്സം ഉണ്ടായാൽ അത് ഗതാഗതം പുനഃ സ്ഥാപിക്കാൻ മണിക്കൂറുകൾ വേണ്ടി വരുമെന്നാണ് യാത്രക്കാരും പറയുന്നത്.