സംസ്ഥാനസർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനും ഭാവി വികസനത്തിനായുള്ള ആശയങ്ങളും നിർദേശങ്ങളും കേൾക്കുന്നതിനുമായി പള്ളിക്കൽ പഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബേബിസുധ വികസന സദസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വികസന രേഖ ചടങ്ങിൽ പ്രകാശനം ചെയ്തു.
പഞ്ചായത്തിനെ അതിദാരിദ്ര്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. അതിദാരിദ്ര്യമുക്തം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 30 അതിദരിദ്രരെ കണ്ടെത്തി അവർക്ക് പാർപ്പിടം, വസ്ത്രം, ഭക്ഷണം എന്നിവ നൽകുന്നുണ്ട്. ലൈഫ് പദ്ധതിയുടെ ഭാഗമായി ഭവനരഹിതരായ 140 പേർക്ക് സുരക്ഷിത പാർപ്പിടമൊരുക്കി നൽകി. ശിശു സൗഹൃദ പഞ്ചായത്തായി മാറ്റുന്നതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങളും പഞ്ചായത്ത് നടത്തി വരികയാണ്.
ജലജീവൻ മിഷനുമായി ചേർന്ന് പഞ്ചായത്തിൽ കുടിവെള്ള ക്ഷാമമുള്ള എല്ലാ സ്ഥലങ്ങളിലും കുടിവെള്ളം എത്തിച്ചിട്ടുണ്ട്.
മുട്ട ഉത്പ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടുകൂടി പളളിക്കൽ പഞ്ചായത്ത് ആയിരം പേർക്ക് മുട്ടക്കോഴി വിതരണം ചെയ്യുന്നുണ്ട്. മിഷൻ അന്ത്യോദയ രജിസ്ട്രേഷൻ ആദ്യം പൂർത്തികരിച്ച പഞ്ചായത്ത്,തുടങ്ങിയ നേട്ടങ്ങളും പള്ളിക്കൽ പഞ്ചായത്ത് കൈവരിച്ചിട്ടുണ്ട്. 12 അംഗൻവാടികൾക്ക് സ്വന്തമായി കെട്ടിടം, 4 സർക്കാർ സ്കൂൾ കെട്ടിടം നവീകരണം, എല്ലാ വാർഡുകളിലും ലൈബ്രറി തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്.
പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഹസീന അധ്യക്ഷത വഹിച്ചു. വെസ് പ്രസിഡന്റ് എം. മാധവൻകുട്ടി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ.എസ്, വാർഡ് മെമ്പർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.