സംസ്ഥാന സർക്കാർ സമൂഹത്തിന്റെ എല്ലാ മേഖലയിലുള്ള ജനതയെയും ഒരുമിച്ച് ചേർത്തു പിടിയ്ക്കുന്ന സമീപനമാണ് കൈകൊള്ളുന്നതെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു. വാമനപുരം നിയോജക മണ്ഡലത്തിലെ നിർമാണം പൂർത്തീകരിച്ച കിടാരക്കുഴി അംഗൻവാടിയുടെയും കമ്മ്യൂണിറ്റി ഹാൾ കെട്ടിടത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നമ്മുടെ നാട്ടിലെ അംഗൻവാടികൾ കൗമാരക്കാരായ പെൺകുട്ടികളും ഗർഭിണികളായ സ്ത്രീകളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. ജീവിതനിലവാരം മാറുമ്പോഴും അംഗൻവാടികളുടെ സേവനം അവഗണിക്കരുതെന്ന് മന്ത്രി വ്യക്തമാക്കി.
കിടാരക്കുഴി പട്ടികവർഗ്ഗ ഉന്നതിയിൽ പങ്കജൻകാണി സംഭാവന ചെയ്ത 5 സെൻ്റ് സ്ഥലത്ത് അംഗൻവാടി കെട്ടിടവും അതിനോട് ചേർന്ന കമ്മ്യൂണിറ്റി ഹാളിനുമായി പട്ടികവർഗ്ഗ വികസന വകുപ്പിൻ്റെ പൂൾഡ് ഫണ്ട് 30.60 ലക്ഷവും വനിതാ ശിശുവികസന വകുപ്പിന്റെ 3.40 ലക്ഷവും ചേർത്ത് ആകെ 34 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്.
ഡി.കെ മുരളി എം.എൽ.എ യോഗത്തിൽ അധ്യക്ഷത വഹിച്ചു. നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജ രാജീവൻ,ഐ.റ്റി.ഡി. പി. പി. ഒ മല്ലിക, വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ജി. കോമളം, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.