ഒരു ഓഫീസ് കാര്യാലയം എന്നതിലുപരി ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്ന വേദികളാണ് പഞ്ചായത്ത് ഓഫീസുകളെന്ന് പൊതുവിദ്യാഭ്യാസം തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ഭരണകാര്യങ്ങൾ വേഗത്തിൽ, സുതാര്യമായി, സാധാരണക്കാരന് എളുപ്പമായി ലഭ്യമാക്കുക എന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു. പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പുതിയ മന്ദിരത്തിന്റെ തിന്റെപ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കാരിന്റെ ഏകോപിത ശ്രമത്തിലൂടെയും പഞ്ചായത്ത് ഭരണാധികാരികളുടെ ആത്മാർത്ഥ പ്രവർത്തനത്തിലൂടെയും പള്ളിച്ചൽ പ്രദേശം വികസന പാതയിൽ മുൻപന്തിയിലാണ്.
ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുത്തപ്പോഴാണ് മുൻപ് ഉണ്ടായിരുന്ന കെട്ടിടം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായത്. അതേ സ്ഥലത്തു തന്നെ പുതിയ കെട്ടിടം പണിയുക എന്ന ഭരണസമിതിയുടെ ഇച്ഛാശക്തിയുടെ ഫലമാണ് സാക്ഷാത്കരിക്കപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു. . രണ്ടാം ഘട്ട നിർമ്മാണത്തിനായി എം.എൽ.എ. യുടെ വികസന ഫണ്ടിൽ നിന്നും 90 ലക്ഷം രൂപയും കെട്ടിടത്തിന്റെ പൂർത്തീകരണത്തിനായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വെടിവെച്ചാൻകോവിലിൽ നടന്ന ഉദ്ഘാടന യോഗത്തിൽ ഐ.ബി സതീഷ് എം.എൽ. എ അധ്യക്ഷത വഹിച്ചു.
പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാകേഷ്, വൈസ് പ്രസിഡന്റ് ബി. ശശികല, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.