ആറ്റിങ്ങൽ നഗരസഭ വികസന സദസ്സ് സംഘടിപ്പിച്ചു

Attingal vartha_20251022_215740_0000

സംസ്ഥാന സർക്കാരിന്റെയും ആറ്റിങ്ങൽ നഗരസഭയുടെയും കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ മുൻപിൽ അവതരിപ്പിച്ചും ഭാവി വികസനത്തിനായുള്ള ആശയങ്ങളും നിർദേശങ്ങളും സമാഹരിച്ചും ആറ്റിങ്ങൽ നഗരസഭ വികസന സദസ്സ് സംഘടിപ്പിച്ചു. ഒ.എസ് അംബിക എംഎൽഎ സദസ്സ് ഉദ്ഘാടനം ചെയ്തു. നവകേരളം കർമ്മ സമിതി കോർഡിനേറ്റർ ടി.എൻ സീമ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

സംസ്ഥാന സർക്കാർ ജനങ്ങൾക്ക് വേണ്ടി കരുതലോടെ പ്രവർത്തിക്കുന്നുവെന്നും എല്ലാ മേഖലയിലും വികസനം സാധ്യമാക്കി സുസ്ഥിര വികസന കാഴ്ചപ്പാടിൽ രാജ്യത്തിന് മാതൃകയാണ് കേരളമെന്നും എം.എൽ.എ പറഞ്ഞു.

അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി അതിദരിദ്രരായ 69 പേരെ കണ്ടെത്തി. ഇതിൽ 60 പേർക്ക്‌ ഭക്ഷ്യകിറ്റും ബാക്കി ഒൻപത് പേർക്ക് പാകം ചെയ്ത ഭക്ഷണവും നഗരസഭ നൽകിവരുന്നുണ്ട്. അതിദാരിദ്ര്യ ലിസ്റ്റിൽ ഉൾപ്പെട്ട അഞ്ച് പേർക്ക് പാലിയേറ്റിവ് ചികിത്സയും 38 പേർക്ക് ആവശ്യമായ മരുന്നുകളും ലഭ്യമാക്കുന്നുണ്ട്.

വാസയോഗ്യമല്ലാത്ത വീടുകളിൽ കഴിഞ്ഞിരുന്ന 10 അതിദരിദ്രരിൽ എട്ട് പേരുടെ വീടുകൾ വാസയോഗ്യമാക്കുകയും ഇതിനായി 8 ലക്ഷം രൂപ ചെലവഴിക്കുകയും ചെയ്തു. ബാക്കി രണ്ടുപേരുടെ വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. വസ്തുവും വീടും ആവശ്യമായ ഒൻപത് അതിദരിദ്രർക്ക് നൽകുന്നതിനായി അഴൂർ പഞ്ചായത്തിലെ റവന്യൂ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഇപ്രകാരം അതിദരിദ്ര്യരായി കണ്ടെത്തിയിട്ടുള്ള മുഴുവൻ പേരെയും ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കി പൊതുധാരയിൽ എത്തിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി വിവിധങ്ങളായ പ്രവർത്തനങ്ങളാണ് നഗരസഭ നടത്തിവരുന്നത്. നിലവിൽ പ്രൈമറി പാലിയേറ്റീവ് കെയറിൽ കിടപ്പിലായ രോഗികൾക്കും പരസഹായം ആവശ്യമായ രോഗികൾക്കുമാണ് ഗൃഹകേന്ദ്രീകൃത പരിചരണം ലഭ്യമാക്കിവരുന്നത്. അല്ലാത്ത രോഗികൾക്ക് ജനകീയാരോഗ്യ കേന്ദ്രം വഴി വിദഗ്ധപരിചരണം നൽകുന്നുണ്ട്. ആവശ്യമായ രോ​ഗികൾക്ക് പ്രൈമറി പാലിയേറ്റീവ് കെയർ ഗൃഹ കേന്ദ്രീകൃത പരിചരണവും സെക്കന്ററി ഗൃഹകേന്ദ്രീകൃത പരിചരണവും ഫിസിയോതെറാപ്പി പരിചരണവും ലഭ്യമാക്കി വരുന്നുണ്ട്.

നഗരസഭ അങ്കണത്തിൽ നടന്ന യോഗത്തിൽ ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ എസ്.കുമാരി അധ്യക്ഷത വഹിച്ചു. വൈസ്ചെയർപേഴ്സൺ തുളസീധരൻ പിള്ള, നഗരസഭാ സെക്രട്ടറി കെ.എസ് അരുൺ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!